Categories

കണ്ണൂര്‍ തലശേരി മേഖലയില്‍ രക്തക്കച്ചവടത്തിന് നല്ലകാലമാണെന്ന് സക്കറിയ

തിരുവനന്തപുരം: കേരളത്തില്‍ കൊലപാതകമൊരു ദിവ്യാനുഷ്ഠാനമായി മാറിയെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ രക്തം ചിന്തുന്ന കാലമാണ്. കണ്ണൂര്‍- തലശേരി മേഖലയില്‍ രക്തക്കച്ചവടത്തിന് നല്ലകാലമാണിതെന്നും സക്കറിയ പറഞ്ഞു. സി.സോമന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണവും പ്രഥമപുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Ads By Google

ഇപ്പോള്‍ മുസ്‌ലീമിന്റെ പേര് ചേര്‍ത്താല്‍ മാത്രമേ ഭീകരതയ്ക്കു മാന്യതയുള്ളൂ എന്നതാണ് അവസ്ഥ. ഇതിന്റെ മറവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നു. മുസ്‌ലീമിനെ ഇരയും ബലിമൃഗവുമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രക്തം കേരളീയരിലേക്ക് ഇറങ്ങിവരുന്ന കാലമാണ്. ഹലാല്‍ കൊലയാണ് ഷുക്കൂറിന്റെ കാര്യത്തില്‍ നടന്നത്. രക്തം ഒഴുക്കിയുള്ള കൊലപാതക രീതിയാണിത്. കൊലയുടെ പ്രത്യയശാസ്ത്ര പരിശുദ്ധിക്കുവേണ്ടിയാകാം ഇങ്ങനെ ചെയ്യുന്നത്.

ബലിമൃഗങ്ങളെ കൊല്ലുന്നതുപോലുള്ള അനുഷ്ഠാനകൊലയായി ഇതിനെ കാണാം. വിവരം കേട്ടപ്പോള്‍ തലകറക്കമുണ്ടായി. കണ്ണില്‍ കുത്തിയിട്ട് എന്ത് കാണുന്നുവെന്നു ചോദിച്ചാല്‍ ചുവപ്പാണെന്നു പറയേണ്ട ഭീകരാവസ്ഥയാണിപ്പോള്‍. നാവടക്കി, ചോദ്യമടക്കി ജീവിക്കണം.

തന്നെ പയ്യന്നൂരില്‍ ആക്രമിച്ചത് കൊലപാതകമെന്ന അനുഷ്ഠാനങ്ങളുടെ കളമെഴുത്തായിരുന്നു. എവിടെയെങ്കിലും സ്‌ഫോടനം നടന്നാല്‍ അഞ്ചു മിനിറ്റിനകം ഉദ്യോഗസ്ഥരെത്തി അത് ചെയ്തതാരാണെന്ന് പറയുന്നു. മുന്‍വിധിയോടെ മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിക്കുന്നു. അമൃതാനന്ദമയി ആശ്രമത്തില്‍ അതിക്രമിച്ചു കടന്ന ബിഹാര്‍ സ്വദേശി എങ്ങനെ മരിച്ചെന്ന് ഒരിക്കലും പുറം ലോകം അറിയാന്‍ പോകുന്നില്ല. മലയാളികള്‍ ചിന്തിയ ആ യുവാവിന്റെ രക്തം നീതിക്കുവേണ്ടി നിലവിളിക്കുകയാണെന്നും സക്കറിയ പറഞ്ഞു.

സി.സോമന്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം കഥാകൃത്ത് പി. സുരേന്ദ്രന് സക്കറിയ സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലെനിന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍നിരയിലേക്ക് വരാന്‍ എപ്പോഴും വിമുഖത കാട്ടിയ എഴുത്തുകാരനാണ് സി. സോമനെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹമായ പി. സുരേന്ദ്രന്റെ ‘ബ്‌ളഡ് ഹൗസ് ‘എന്ന ചെറുകഥയെ എസ്.വി. വേണുഗോപന്‍ നായര്‍ പരിചയപ്പെടുത്തി. സി. സോമന്റെ ‘സങ്കടങ്ങളുടെ ഇടയന്‍’ എന്ന നോവലിന്റെ പുന:പ്രകാശനം കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പി. സുരേന്ദ്രന്  നല്‍കി നിര്‍വഹിച്ചു. പുരസ്‌കാരത്തിന് പരിഗണനാര്‍ഹമായ കഥകളെ കുറിച്ച് ഡി. വിനയചന്ദ്രന്‍ സംസാരിച്ചു. ടി. സുകുമാരന്‍ നായര്‍, വി.കെ. ജോസഫ്, എ. പ്രസന്നകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tagged with: