എഡിറ്റര്‍
എഡിറ്റര്‍
കുറ്റംപോലും തെളിയിക്കപ്പെടാതെയുള്ള സക്കരിയയുടെ ജയില്‍ ജീവിതത്തിന് എട്ടുവര്‍ഷം: മോചനംകാത്ത് കുടുംബം
എഡിറ്റര്‍
Monday 6th February 2017 11:59am

ZAKARIYA


അറസ്റ്റു ചെയ്ത് നാലുദിവസത്തിനുശേഷമാണ് ബംഗളുരു പൊലീസ് സക്കരിയയെ കോടതിയില്‍ ഹാജരാക്കിയത്.


മലപ്പുറം: ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ പോലുമില്ലാതെ സക്കരിയ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷം പൂര്‍ത്തിയായി. ബംഗളുരു എന്‍.ഐ.എ കോടതിയില്‍ കേസ് വിസ്താരം അവസാനഘട്ടത്തിലെത്തിയിരിക്കെ വൈകാതെ നിരപരാധിത്വം തെളിയിച്ച് സക്കരിയ ജയില്‍മോചിതനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

2008ലെ ബംഗളൂരു സ്‌ഫോടനക്കേസില്‍ 2009 ഫെബ്രുവരി അഞ്ചിനാണ് കര്‍ണാടക പൊലീസ് തിരൂരില്‍ സക്കരിയ ജോലി ചെയ്യുന്ന കടയിലെത്തി അവനെ പിടികൂടിയത്. അന്ന് സക്കരിയയ്ക്ക് 19ാം വയസ്സ്.

എന്തിനാണ് കൊണ്ടുപോകുന്നതെന്ന് സക്കരിയയോട് പറഞ്ഞിരുന്നില്ല. വീട്ടുകാരെയും അറിയിച്ചിരുന്നില്ല. അറസ്റ്റു ചെയ്ത് നാലുദിവസത്തിനുശേഷമാണ് ബംഗളുരു പൊലീസ് സക്കരിയയെ കോടതിയില്‍ ഹാജരാക്കിയത്.

ബംഗളുരു സ്‌ഫോടനക്കേസിലെ അഞ്ചാം പ്രതിയെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. അന്നുമുതല്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് സക്കരിയ.


Also Read: സി.പി.ഐ ഇടതുപക്ഷത്തെ തകര്‍ക്കുന്നവരുടെ കയ്യിലെ പാവ: അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയൊന്നുമല്ല നിങ്ങളെന്ന് ഇ.പി ജയരാജന്‍


സ്‌ഫോടനത്തിന് മൈക്രോ ചിപ്പുകളും ടൈമറുകളും നാലാംപ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സക്കരിയക്കെതിരായ കുറ്റം. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ സക്കരിയയ്‌ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.

സക്കരിയ പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ത്വരീഖത്ത് ക്ലാസില്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനായി പൊലീസ് ഹാജരാക്കിയ സാക്ഷികള്‍ തന്നെ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ നിലപാടെടുത്തിരുന്നു.

യു.എ.പി.എ പ്രകാരമുള്ള അറസ്റ്റിലായശേഷം ഒരേയൊരു തവണമാത്രമാണ് സക്കരിയ വീട്ടിലെത്തിയത്. അതും ഏഴുവര്‍ഷത്തിനുശേഷം. കഴിഞ്ഞ ആഗസ്റ്റില്‍ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ ജാമ്യത്തിനാണ് സക്കറിയ വീട്ടിലെത്തിയത്.

സക്കരിയയുടെ ജീവിതത്തിലെ വലിയൊരു കാലയളവാണ് ജയിലില്‍ കഴിയേണ്ടി വന്നത്. സക്കരിയ കുടുംബത്തിനും ഇതൊരു തടവുകാലമായിരുന്നു. തീവ്രവാദികളെന്നു മുദ്രകുത്തപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വന്ന എട്ടുവര്‍ഷം. മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ മൂന്നുമാസത്തിനുള്ളില്‍ സക്കരിയയ്ക്കു പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഉമ്മ ബീയുമ്മയും മൂന്ന് സഹോദരങ്ങളും ആ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്.

Advertisement