ലോസ് ആഞ്ചല്‍സ്:പ്രശസ്ത ഹോളിവുഡ് നടി വൈവെറ്റ് വികേഴ്‌സിന്റെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിരിക്കാമെന്നാണ് നിഗമനം. വര്‍ഷങ്ങളായി വീട്ടില്‍ ഒറ്റക്കാണ് 82 കാരിയായ നടിയുടെ താമസം. വീട്ടിലെ മെയില്‍ബോക്‌സില്‍ കത്തുകള്‍ കുമിഞ്ഞുകൂടിയിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരി സൂസന്‍ സാവേജ് വീടിനകത്തുകയറി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. കേസിനെക്കുറിച്ച് ലോസ് ആഞ്ചല്‍സ് പോലീസ് അന്വേഷണം നടത്തും. എന്നാല്‍ മരണത്തില്‍ സംശയമുള്ളതായി പോലീസ് പറയുന്നില്ല.
1958 ല്‍ ഇറങ്ങിയ ‘അറ്റാക്ക് ഓഫ് ദ 50 ഫൂട്ട് വുമണ്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് അവരെ ലോകപ്രശസ്തയാക്കിയത്.പ്ലേബോയ് മാസികയില്‍ അച്ചടിച്ചുവന്ന ഇവരുടെ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ചിരുന്നു.
മിസോറിയിലെ കന്‍സാസ് സിറ്റിയില്‍ ജാസ് വിദഗ്ദന്‍ ചാള്‍സ് വെഡ്ഡറിന്റെയും ലോലയുടെയും മകളായി ജനിച്ച വികേഴ്‌സ് 1950 ല്‍ പുറത്തിറങ്ങിയ ‘സണ്‍സെറ്റ് ബോലിവാര്‍’ എന്ന ചിത്രത്തിലഭിനയിച്ചുവെങ്കിലും 1957 ല്‍ പുറത്തിറങ്ങിയ ‘ഷോര്‍ട്ട് കട്ട് ടു ഹെല്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രസിദ്ധയാകുന്നത്. തുടര്‍ന്ന് പോള്‍ ന്യൂമാന്റെ ‘ഹഡ്”എന്ന ചിത്രത്തിലഭിനയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അഭിനയിച്ച പല രംഗങ്ങളും ചിത്രത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. 1970 ഓടുകൂടി അവര്‍ സിനിമാരംഗത്തുനിന്നും വിട്ടുനിന്നു. വരുമാനത്തിനായി എസ്‌റ്റേറ്റ് ഏജന്റായി ജോലി ചെയ്തു.

1989 ല്‍ മാതാപിതാക്കളുടെ സ്മരണയ്ക്കായി ‘വൈവെറ്റ് വികേഴ്‌സ് സിംഗ്‌സ്’ എന്ന ആല്‍ബം പുറത്തിറക്കി.1990 ല്‍ പുറത്തിറങ്ങിയ ‘എവിള്‍ സ്പിരിറ്റ്’ ആണ് വൈവെറ്റ് വികേഴ്‌സ് ഒടുവില്‍ അഭിനയിച്ച ചിത്രം.