ന്യൂദല്‍ഹി: അര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ് സിംഗ് രോഗമുക്താനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

യുവരാജ് സിംഗും സഹീര്‍ഖാനും ഹര്‍ഭജന്‍ സിംഗും സെവാഗുമെല്ലാം ഇന്ത്യന്‍ ടീമിലെ നിറസാനിധ്യമാണ്. അവരില്‍ ഒരാളുടെ കുറവ് ടീമിനെ മോശമായി ബാധിക്കുമെന്നതില്‍ സംശമയില്ല. യുവരാജിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ എങ്ങനെയെല്ലാം ബാധിച്ചെന്ന് ടീമിനെ കൃത്യമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകും.

ഒരു രാജ്യം മുഴുവന്‍ യുവരാജിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥനയുടെ ശക്തി മാത്രം മതി അദ്ദേഹത്തിന് തിരിച്ചുവരാന്‍ -ഗാംഗുലി വ്യക്തമാക്കി

2000ത്തില്‍ ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കെയാണ് യുവരാജ് അദ്ദേഹത്തിന്റെ ഇന്റര്‍നാഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. ഐ.പി.എല്‍ ടീമിലെ പൂനെ വാരിയേഴ്‌സിനുവേണ്ടിയും ഇരുവരും കളിച്ചിരുന്നു.

മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്താനാവശ്യമായ കായികക്ഷമത കൈവരിച്ചാല്‍ ഉടന്‍ തിരിച്ചുവരുമെന്ന് യുവരാജ് കഴിഞ്ഞദിവസം ആരാധകരെ അറിയിച്ചിരുന്നു. യുവരാജ് സിംഗിന്റെ ചികിത്സ ഒന്‍പത് ആഴ്ച തുടരേണ്ടി വരുമെന്നും അതിനു ശേഷം പരിശീലനം തുടരാനാവുമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്‌.

കീമോതെറാപ്പി യുവരാജിന്റെ കരിയറിനെ ബാധിക്കില്ല. രോഗത്തെ യുവരാജ് ധൈര്യത്തോടെയാണ് നേരിടുന്നത്. യുവരാജിനെ ബാധിച്ചത് ശ്വാസകോശ കാന്‍സറല്ല. രണ്ട് ശ്വാസകോശങ്ങളുടെയും ഇടയ്ക്കാണ് ട്യൂമര്‍. ഇത് ചികിത്സിച്ച് ഭേദമാക്കാനാകുന്നതേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, കാന്‍സറിന് ചികിത്സ തേടിയിരിക്കുന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന് സര്‍ക്കാര്‍ ആവശ്യമായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ അറിയിച്ചിട്ടുണ്ട്.ഐ.സി.യും ബി.സി.സി.യും യുവരാജിന്റെ ചികിത്സയ്ക്ക് വേണ്ട സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Malayalam News

Kerala News In English