ന്യൂദല്‍ഹി: അസുഖത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജിന് ആരാധകരെ തൃപ്തരാക്കാനേ സമയമുള്ളു. ഫേസ് ബുക്കിലൂടേയും ട്വിറ്ററിലൂടെയും നിത്യേനയെന്നോണം ആരാധകരുമായി വിശേഷം പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ അമേരിക്കയിലെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ നേരിട്ടെത്തിയാണ് ആരാധകര്‍ സന്തോഷം പങ്കിട്ടത്. കൈനിറയെ പൂച്ചെണ്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഒരു സംഘം ആളുകളാണ് ഇന്നലെ യുവിയുടെ വസതിയ്ക്കുമുന്നിലെത്തിയത്.

”അല്പനിമിഷത്തേക്കാണെങ്കിലും ഞാന്‍ ഇന്ത്യയില്‍ എത്തിയപോലെ തോന്നിപ്പോയി. ഇന്ത്യയിലെ ആളുകള്‍ കാണിക്കുന്ന അതേ ആവേശമായിരുന്നു അവര്‍ക്ക് , കുറച്ചുപേര്‍ മനോഹരമായി പുഷ്പങ്ങള്‍ കൊണ്ടുതന്നു, കുറച്ചുപേര്‍ കാര്‍ഡുകളും മറ്റുചിലര്‍ അമേരിക്കയിലെ സ്‌പെഷ്യല്‍ ഭക്ഷണവുമായാണ് വന്നത്, ഏറെ സന്തോഷം തോന്നി”- യുവി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ പതാകയും യുവരാജിന്റെ വലിയ പോസ്റ്ററുകളും പിടിച്ചായിരുന്നു അവര്‍ വന്നത്. യുവിയുടെ അസുഖം പെട്ടന്ന് മാറാനായി അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ഇന്ത്യന്‍ താരങ്ങളും ഇന്ത്യന്‍ ആരാധകരും മാത്രമല്ല യുവരാജിന് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ളത് ഓസ്‌ട്രേലിയന്‍ ടീമിലെ കരുത്തരായ ഷേന്‍ വാട്‌സണും ഇംഗ്ലണ്ട് ടീമംഗമായ കെവിന്‍ പീറ്റേഴ്‌സണും യുവിയുടെ അസുഖവിവരത്തില്‍ അദ്ദേഹത്തിനോടൊപ്പം നിന്നിട്ടുണ്ട്. യുവരാജ് പെട്ടന്ന് തന്നെ മടങ്ങിവരുമെന്ന പ്രതീക്ഷയും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഇത്രയും പ്രൊഫഷനലായ ഒരുതാരം അസുഖത്തോട് മല്ലടിക്കുന്നതില്‍ ഏറെ വിഷമമുണ്ടെന്നാണ് പീറ്റേഴ്‌സണ്‍ പ്രതികരിച്ചത്. യുവരാജിന്റെ അഭാവം ഇന്ത്യന്‍ ടീമില്‍ കാണാനുണ്ട്. കരുത്തനായി അദ്ദേഹം മടങ്ങിവരും ഇന്ത്യയുടെ പ്രതാപം തിരിച്ചുപിടിക്കും-അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഘട്ട കീമോതെറാപ്പിയും കഴിഞ്ഞതോടെ അദ്ദേഹം രോഗത്തില്‍ നിന്നും ഏതാണ്ട് മുക്തനായിക്കൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍ ലോറന്‍സില്‍ നിന്നും സന്തോഷകരമായ വാര്‍ത്തയാണ് അറിഞ്ഞതെന്നും തന്റെ ശരീരത്തിനോട് അസുഖം വിടപറയാന്‍ തുടങ്ങിയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.

ശ്വാസകോശ അര്‍ബുദം ബാധിച്ച് യുവരാജ് അമേരിക്കയിലെ ബോസ്റ്റണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലാണ് ചികിത്സയ്ക്ക് വിധേയനാകുന്നത്.

Malayalam news

Kerala news in English