അമേരിക്ക: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗ് മുടിയില്ലാത്ത തന്റെ ചിത്രം ട്വിറ്ററിലിട്ടു. അമേരിക്കയിലെ ബോസ്റ്റണില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ് തന്റെ ആരാധകര്‍ക്കുവേണ്ടിയാണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

‘ അവസാനം തലയിലെ മുടിയും പോയി. എന്നാലും സാരമില്ല ഞാന്‍ ഇപ്പോഴും പണ്ടത്തെ യുവി തന്നെ. ‘ എന്നാണ് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത്. താന്‍ ഉടന്‍ മടങ്ങി വരുമെന്നും രോഗം തന്നെ വിട്ടുമാറിക്കൊണ്ടിരിക്കുകയുമാണെന്നും യുവരാജ് വ്യക്തമാക്കി.

യുവരാജിന്റെ രോഗാവസ്ഥയില്‍ ആശങ്കപ്പെടുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് ട്വിറ്ററിലെ അദ്ദേഹത്തിന്റെ വാക്കുകള്‍. താന്‍ പഴയതിനേക്കാളും ശക്തനായി തിരിച്ചു വരുമെന്നു കേള്‍ക്കുന്നത് ആരാധകര്‍ക്ക് ആശ്വാസമേകുന്നുണ്ട്.

അര്‍ബുദത്തോട് പൊരുതി ജയിച്ച് വീണ്ടും കളിക്കളത്തിലെത്തിയ സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോംഗാണ് തന്റെ പ്രചോദനമെന്ന് യുവരാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പത്ത് ആഴ്ചയ്ക്കുള്ളില്‍ യുവരാജിന് പരിശീലനം ആരംഭിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

തന്റെ ചികിത്സ വൈകിയതിന്‌ താന്‍ മാത്രമാണ് കുറ്റക്കാരനെന്നും അതില്‍ മറ്റാര്‍ക്കും പങ്കില്ല എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ യുവിയുടെ ട്വിറ്റര്‍ വാചകം. രോഗാവസ്ഥയില്‍ കഴിയുമ്പോഴും യുവി ട്വിറ്ററില്‍ സജീവമാണെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സന്തോഷമേകുന്നുണ്ട്.


Malayalam News

Kerala News In English