സോമര്‍സെറ്റ്: കഴിഞ്ഞലോകകപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ് സിംഗോ വിന്‍ഡീസുമായി നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ച സുരേഷ് റെയ്‌നയോ? ആരെ ഉള്‍പ്പെടുത്തണം അന്തിമ ഇലവനില്‍? ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള അന്തിമ ഇലവനെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ നായകന്‍ ധോണിയെ ഏറ്റവും ബുദ്ധിമുട്ടിക്കുക ഇതായിരിക്കും.

അഞ്ചാം നമ്പര്‍ സ്ഥാനത്തേക്കാണ് ഇരുവരില്‍ ഒരാളെ പരിഗണിക്കുക. കളിക്കളത്തില്‍ ഇരുവര്‍ക്കും സാമ്യതകളേറെ. രണ്ടുപേരും ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍മാരാണ്. മികച്ച ഫില്‍ഡര്‍മാരും അത്യാവശ്യ ഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരുമാണ്. ഇതിനെല്ലാം പുറമെ കളിക്കളത്തില്‍ ആക്രമണോത്സുഹത കാണിക്കുന്നവരാണ്.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചത് റെയ്‌നയ്ക്ക് അനുകൂല ഘടകമാകുന്നു. മിക്ക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട വിന്‍ഡീസില്‍ 3 അര്‍ദ്ധ സെഞ്ചറിയടക്കം 232 റണ്‍സാണ് റെയ്‌ന നേടിയത്.

എന്നാല്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം യുവരാജിനെ തുണയ്ക്കുന്നു. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും യുവരാജ് നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ ലോകചാംപ്യന്‍മാരാക്കാന്‍ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. വിന്‍ഡീസ് പര്യാടനത്തില്‍നിന്ന് പരിക്ക് കാരണം യുവരാജ് വിട്ട് നിന്നിരുന്നു. എന്തായാലും ഇവരെ ആരെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ ധോണി കുറച്ച് ബുദ്ധിമുട്ടും