എഡിറ്റര്‍
എഡിറ്റര്‍
കാത്തിരിപ്പിന് വിരാമം: യുവരാജിന്റെ മടങ്ങിവരവ് ഉടന്‍
എഡിറ്റര്‍
Wednesday 6th June 2012 9:39am

ന്യൂദല്‍ഹി: ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവരാജ് സിങ് ഈ വര്‍ഷമവസാനം കളിക്കളത്തിലേക്ക് മടങ്ങി വരുന്നു. രഞ്ജി ട്രോഫി സീസണിനു മുന്നോടിയായുള്ള ടൂര്‍ണമെന്റുകളില്‍ ഈ വര്‍ഷാവസാനം യുവരാജ് കളിച്ചേക്കുമെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം രഞ്ജി ട്രോഫിയില്‍ പങ്കെടുത്ത്, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

മൊയ്ന്‍ ഉദ് ദൗള ഗോള്‍ഡ് കപ്പ്, ബുച്ചി ബാബു ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ കളിച്ചു താളം കണ്ടെത്താനാണു യുവി ആലോചിക്കുന്നത്. ശ്വാസകോശാര്‍ബുദത്തില്‍നിന്നു യുവി ഏറെക്കുറെ മോചിതനായെന്നാണു സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സയിലാണു യുവി. ബാംഗ്ലൂരിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞയാഴ്ച യുവരാജ് ചെറിയതോതില്‍ പരിശീലനം നടത്തിയിരുന്നു. അക്കാദമിയില്‍ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം നാല് ഓവര്‍ മല്‍സരം കളിച്ചു.

ഏറെ നാള്‍ ക്രിക്കറ്റ് കളത്തില്‍നിന്നു വിട്ടുനിന്നതിനാല്‍ ചെറുകിട ടൂര്‍ണമെന്റുകളില്‍ കളിച്ച് കായികമികവു വീണ്ടെടുക്കുകയാണു യുവരാജിന്റെ പ്രഥമ ലക്ഷ്യം. അതേസമയം ദല്‍ഹിയിലെ ചൂട് കാലാവസ്ഥയില്‍ കളിച്ച് കായികശേഷി അളക്കാനും താരത്തിനു പദ്ധതിയുണ്ട്.

യുവരാജിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്ന ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കല്‍ സംഘത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രണ്ടു വര്‍ഷത്തിനിടെ മൂന്നു മാസത്തിലൊരിക്കല്‍ യുവരാജ് രക്തപരിശോധനയ്ക്കു വിധേയനാവണം. തുടര്‍ന്നു മൂന്നു വര്‍ഷം അഞ്ചു മാസത്തിലൊരിക്കല്‍ പരിശോധന ആവശ്യമാണ്. എന്തായാലും യുവിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

Advertisement