എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി ട്വന്റി വേള്‍ഡ് കപ്പില്‍ കളിക്കുകയെന്നതാണ് ഏറ്റവും വലിയ ചലഞ്ച് : യുവരാജ്
എഡിറ്റര്‍
Thursday 21st June 2012 1:22pm

ദുബായ്: ക്യാന്‍സര്‍ രോഗത്തില്‍ നിന്നും പൂര്‍ണമായും വിടവാങ്ങി കളിക്കളത്തില്‍ നിറയാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിന് തന്റെ തിരിച്ചുവരവിനെക്കുറിച്ചോര്‍ത്ത് ഏറെ ആശങ്കകളുണ്ട്. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക് മാത്രമേ അവരുടെ വിഷമം അറിയുള്ളു എന്ന് യുവി പറയുന്നു. എന്നിരുന്നാലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമംഗമായി ജഴ്‌സിയണിയാന്‍ കാത്തിരിക്കുകയാണ് താരം.

എങ്കില്‍ കൂടി തന്റെ ശരീരം ഇനി എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നതെന്ന് ആലോചന യുവിയെ അലട്ടുന്നുണ്ട്. മത്സരം നടക്കുന്നത് സെപ്റ്റംബറിലാണ്. അതില്‍ പങ്കെടുക്കുകയെന്നത് തന്നെ സംബന്ധിച്ച് ഏറെ ചാലഞ്ചിംഗ് ആണെന്നാണ് യുവി പറയുന്നത്.  ഐ.സി.സി 360 ക്രിക്കറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു യുവി.

”എന്റെ ശരീരം ഒരുപാട് മരുന്നുകള്‍ക്ക് ചികിത്സയ്ക്കും വിധേയമായിട്ടുണ്ട്. അത് എനിയ്ക്ക് മാത്രമേ അറിയുകയുള്ളു. എന്റെ ശരീരം പൂര്‍ണമായും രോഗത്തില്‍ നിന്നും മുക്തമായെന്ന് എനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ കളിക്കളത്തിലേക്ക് വരുള്ളു എന്ന് ആദ്യമേ കരുതിയതാണ്.

എനിയ്ക്ക് കൃത്യമായ ഒരു സമയം പറയാന്‍ കഴിയുന്നില്ല. എനിയ്ക്ക് കളിക്കളത്തിലേക്ക് ഉടന്‍ മടങ്ങി വരണമെന്നുണ്ട്. പക്ഷേ അതിന് എന്റെ ശരീരം കൂടി അനുവദിക്കണം. എന്റെ ശരീരത്തെ അതിനായി തള്ളിവിടാന്‍ എനിയ്ക്ക് പറ്റില്ല. ഏതാണ്ട് 75 ശതമാനം ഫിറ്റ്‌നെസ് ഞാന്‍ നേടിയെടുത്തെന്ന് തോന്നിയിട്ടുണ്ട്. അത് നൂറുശതമാനമായെന്നു തോന്നുമ്പോഴേ ക്രിക്കറ്റിലേക്ക് മടങ്ങി വരുള്ളു. അതിന് ഒരു പക്ഷേ രണ്ട് മാസം എടുത്തേക്കാം അല്ലെങ്കില്‍ അത് ആറ് മാസമായെന്നും വരാം”.-യുവി പറഞ്ഞു.

” ചികിത്സയില്‍ ഇനി ആറോ ഏഴോ സെക്ഷനുകള്‍ കൂടിയേ ഉള്ളു. അതില്‍ പ്രധാനപ്പെട്ടത് യോഗയാണ്. യോഗയ്ക്ക് ശേഷമാണ് എനിയ്ക്ക് ശ്വാസോച്ഛാസം പോലും സാധാരണഗതിയിലാക്കാന്‍ കഴിഞ്ഞത്. വെറും രണ്ട് മാസം കൊണ്ട് ഞാന്‍ എന്റെ കീമോ തെറാപ്പി പൂര്‍ത്തിയാക്കി. അന്നെല്ലാം എന്റെ എനര്‍ജി ഏറെ താഴെയായിരുന്നു. എന്നാല്‍ അന്നെല്ലാം എനിയ്ക്ക് ഏറെ പ്രചോദനമായി നിന്നത് എന്റെ കുടുംബവും എന്നെ സ്‌നേഹിക്കുന്ന ക്രിക്കറ്റ ആരാധകരുമാണ്. അവരുടെ കൂടി പ്രാര്‍ത്ഥനയാണ് എന്റെ ജീവിതം”.

2007 ലെ ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ആറ് ബോളുകളില്‍ തുടര്‍ച്ചയായി ആറ് സിക്‌സ് അടിച്ചുകൂട്ടിയത് നല്ല അനുഭവമായിരുന്നെന്നും ഇനിയും അത്തരത്തിലുള്ള പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും യുവി വ്യക്തമാക്കി.

Advertisement