ന്യൂദല്‍ഹി: തന്റെ രോഗം കൃത്യസമയത്ത് കണ്ടുപിടിക്കാത്തതിലും ചികിത്സചെയ്യാത്തതിനും മറ്റാരും കാരണക്കാരല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗ്.

തന്റെ ചികിത്സ വൈകിച്ചതില്‍ ബി.സി.സി.ഐ യെയും ഗുരുജിയെയും ചിലര്‍ കുറ്റപ്പെടുത്തി സംസാരിച്ചു.അവരൊന്നും എന്റെ അസുഖത്തിന് കാരണക്കാരല്ല. വേണ്ട സമയത്ത് ചികിത്സ നല്‍കാതിരുന്നത് കാരണക്കാരന്‍ താന്‍ മാത്രമാണ്. ബി.സി.സി.ഐയും മറ്റ് സഹതാരങ്ങളും തനിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.അവരുടെയൊക്കെ സഹായം കൊണ്ടാണ് തനിയ്ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം ഇന്ന് ലഭിച്ചതെന്നും യുവരാജ് വ്യക്തമാക്കി.

Subscribe Us:

യുവരാജിന്റെ അസുഖത്തെ കുറിച്ച് ആദ്യം സൂചന നല്‍കിയ ജതിന്‍ ചൗധരിയ്‌ക്കെതിരെയും അടുത്തകാലത്തായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ രോഗനിര്‍ണയം നടത്തിയതിലോ ചികിത്സ തേടുന്നതിലോ ചൗധരി യാതൊരു പിഴവും വരുത്തിയിട്ടില്ലെന്ന് യുവി പറഞ്ഞു.

നിലവിലെ ചികിത്സാരീതിയില്‍ നിന്നും മാറി മറ്റേതെങ്കിലും തരത്തിലുള്ള ചികിത്സ പരീക്ഷിക്കാമെന്ന് താനാണ് പറഞ്ഞത്. അതില്‍ മറ്റാര്‍ക്കും പങ്കില്ല. ചികിത്സ ഫലിക്കുന്നുണ്ടെന്നും രോഗത്തില്‍ നിന്നും താമസിയാതെ മുക്തനായി ഇന്ത്യന്‍ ടീമില്‍ എത്താന്‍ കഴിയുമെന്നും യുവരാജ് വ്യക്തമാക്കി. തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഇന്ത്യയിലെ നല്ലവരായ എല്ലാ ആളുകളോടുമുള്ള നന്ദി അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

‘ കൂടുതല്‍ കരുത്തോടെ ഞാന്‍ തിരിച്ചുവരും. രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും എന്റെ കൂടെയുണ്ട്. രോഗത്തെ മറികടന്ന് ഇന്ത്യന്‍ ടീമിലെത്തുന്നതുമാത്രമേ ഇപ്പോള്‍ എന്റെ മനസ്സിലുള്ളൂ ‘ യുവി ട്വിറ്ററില്‍ കുറിച്ചു.
Malayalam News

Kerala News In English