എഡിറ്റര്‍
എഡിറ്റര്‍
സെപ്റ്റംബറോടെ തിരിച്ചെത്തും: യുവരാജ്
എഡിറ്റര്‍
Thursday 17th May 2012 9:39am


ചണ്ടീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യ നിര ബാറ്റ്‌സ്മാനായ യുവരാജ് സിംങ്  സെപ്റ്റംബറോടെ ടീമില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം  ചണ്ടീഗഡില്‍ പറഞ്ഞു. ലംങ്‌സില്‍ അപൂര്‍വ ഇനം അര്‍ബുദ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു യുവരാജ്. ലോകകപ്പില്‍ അദ്ദേഹം നടത്തിയ മികച്ച പ്രകടനത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ അദ്ദേഹത്തെ ആദരിച്ചിരുന്നു. മുഖ്യമന്ത്രി പ്രകാശ് സിംങ് ബദാലും എം.പി. സുഖ്‌ദേവും സിംങ് ദിന്‍ദ്‌സയും പങ്കെടുത്ത പരിപാടിയില്‍ യുവരാജിന് സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികമായി നല്‍കി.

യുവരാജ് കായിക ലോകത്തേക്ക് ഒരു വര്‍ഷത്തിനിടെ തിരിച്ചു വരുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം സെപ്റ്റംബറോടെ തിരിച്ചെത്തുമെന്ന് പറഞ്ഞത്.  കായിക താരം എന്ന നിലയില്‍ സ്വന്തം ശരീരം ക്ഷേത്രത്തെ പോലെയാണ് സൂക്ഷിക്കേണ്ടതെന്നും ഒരു ചെറിയ വേദന സംഭവിച്ചാല്‍ പോലും അതിനെ ഗൗരവത്തോടെ കണ്ട് വേണ്ട ചികിത്സ നേടണമെന്നും അദ്ദേഹം പറഞ്ഞു. യുവരാജ് തന്റെ അമ്മ ഷബ്‌നം സിംങിനോടൊപ്പമാണ് ചടങ്ങിനെത്തിയത്.

യുവരാജ് അമേരിക്കയില്‍ ചികിത്സ കഴിഞ്ഞെത്തിയതിന് ശേഷം പങ്കെടുത്ത ആദ്യത്തെ പൊതു പരിപാടിയായിരുന്നു ഇന്നലെ ചണ്ടീഗഡില്‍ നടന്നത്. ചികിത്സയ്ക്ക് ശേഷം യുവരാജില്‍ പ്രകടമാകത്തക്ക ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തലമുടി കൊഴിഞ്ഞ് ചെറുതായി കഷണ്ടിയായിട്ടുണ്ട്. യുവരാജ് തന്റെ താടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്.

Advertisement