തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്- യുവമോര്‍ച്ച സംഘര്‍ഷം. യുവമോര്‍ച്ച- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഫ്‌ളക്‌സുകളും പോസ്റ്ററുകളും നശിപ്പിക്കുകയും പരസ്പരം കല്ലെറിയുകയും ചെയ്തു.

ഇരുവിഭാഗവും പരസ്പരം കുപ്പിയും വടിയും എറിയുകയും ചെയ്തു. സര്‍ക്കാറിനെതിരായ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെയാണ് സംഘര്‍ഷം.

സംഘര്‍ഷം കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയത്.


Must Read: ബാങ്ക് ലോണെടുത്ത് മോഹനന്‍ പണിത വീടിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് പിണറായി സര്‍ക്കാര്‍: നിയമസഭയില്‍ സര്‍ക്കാറിനെ നാണംകെടുത്തി വി.ഡി സതീശന്‍ 


തുടക്കത്തില്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ച് തിരിച്ചയച്ചെങ്കിലും പിന്നീട് ചില യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതോടെ സംഘര്‍ഷം വീണ്ടും ശക്തമായി.

പാളയം ഭാഗത്തും എം.ജി റോഡിലൂടെ കടന്നുവരികയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടത്തിനു സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

തുടര്‍ന്ന് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും മുദ്രാവാക്യം വിളിച്ചു. ഇതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.