Administrator
Administrator
കോടതിയലക്ഷ്യം: ഗിലാനി കുറ്റക്കാരനെന്ന് കോടതി
Administrator
Monday 13th February 2012 10:46am

ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി. സര്‍ദാരിക്കും 8,000ത്തോളം പി.പി.പി. നേതാക്കള്‍ക്കുമെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാനുള്ള നിര്‍ദേശം അവഗണിച്ചതിന്റെ പേരിലാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയത്. 2 വര്‍ഷം നല്‍കിയിട്ടും ഗിലാനി വിധി നടപ്പാക്കിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഗിലാനിയെ കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള രണ്ട്‌പേജ് കുറ്റപത്രം കോടതി വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍ ഗിലാനി കുറ്റം നിഷേധിച്ചു. പ്രസിഡന്റിന് ഭരണഘടനാപരമായ പരിരക്ഷ ഉണ്ടെന്നും ഇതിനാലാണ് താന്‍ കോടതി നിര്‍ദേശം പാലിക്കാഞ്ഞതെന്നുമുള്ള നിലപാട് ഗിലാനി കോടതിയില്‍ ആവര്‍ത്തിച്ചു.

കേസില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ഗിലാനിക്ക് ആറ് മാസത്തെ തടവ്ശിക്ഷ ലഭിച്ചേക്കും. ഇതിന് പുറമേ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരും. പൊതുസ്ഥാപനങ്ങളില്‍ ചുമതലവഹിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കപ്പെടുകയും ചെയ്യും. നവാസ് ഷെരീഫിന് ശേഷം അധികാരത്തില്‍ തുടരവേ കോടതി കയറേണ്ടി വന്ന ഏക ഭരണാധികാരിയാണ് ഗിലാനി.

ജനുവരി 16നാണ് ഗിലാനിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യകേസെടുത്തത്. ജസ്റ്റിസ് നസീര്‍ ഉല്‍ മുള്‍ക്ക് ഉള്‍പ്പെടുന്ന ഏഴംഗ സുപ്രീംകോടതി ബെഞ്ചിന്റേതായിരുന്ന നടപടി. ജനുവരി 19ന് ഗിലാനിയോട് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. ജനുവരി 19ന് ഗിലാനി ഹാജരായെങ്കിലും കേസ് ഫെബ്രുവരി 1ലേക്ക് മാറ്റുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് കേസ് പരിഗണിച്ച് കോടതി ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാവാന്‍ ഗിലാനിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

2007ല്‍ ജനറല്‍ പര്‍വേസ് മുഷ്‌റഫ് പാക്കിസ്ഥാന്‍ ഭരിച്ചിരുന്ന സമയത്ത് കൊണ്ടുവന്ന നേഷണല്‍ റികണ്‍സിലേഷന്‍ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഗിലാനിക്കെതിരെ കോടതിയലക്ഷ്യകേസ് ചുമത്തിയത്. 1986 ജനുവരി 1നും 1999 ഒക്ടോബര്‍ 12നും ഇടയില്‍ പാക്കിസ്ഥാനില്‍ നടന്ന അഴിമതി, പണംതട്ടിപ്പ്, കൊലപാതകം, തീവ്രവാദം എന്നീ കേസുകളില്‍ പ്രതിയായ രാഷ്ട്രീയനേതാക്കളെയും, ഉദ്യോഗസ്ഥരെയും വിചാരണ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് എന്‍.ആര്‍.ഒ. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെയും ആസിഫലി സര്‍ദാരിയെയും പാക്കിസ്ഥാനില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടിയായിരുന്നു ഈ ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്.

എന്നാല്‍ 2009 ഡിസംബര്‍ 16ന് ഈ ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി അഴിമതിക്കേസുകളില്‍ സര്‍ദാരിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരുമറുപടിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗിലാനിക്കെതിരെ കേസെടുത്തത്.

Malayalam News

Kerala News in English

Advertisement