ഹൈദരാബാദ്: യൂസഫ് പഠാന്റെ വെടിക്കെട്ടുപ്രകടനത്തിന്റെ മികവില്‍ ഫുള്‍ ചാര്‍ജ്ജായ കൊല്‍ക്കത്ത ഡെക്കാണ്‍ ചാര്‍ജേര്‍സിന്റെ ഫ്യൂസൂരി. ഹൈദരാബാദില്‍ നടന്ന കളിയില്‍ 20 റണ്‍സിനാണ് ഡെക്കാണ്‍ തോല്‍വി രുചിച്ചത്. സ്‌കോര്‍ കൊല്‍ക്കത്ത 4/ 169, ഡെക്കാണ്‍ 6/ 149

ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത തകര്‍പ്പനടിയോടെയാണ് തുടങ്ങിയത്. ഓപ്പണറായ കാലിസ് (30) വീണ്ടും ടീമിനുവേണ്ടി ഫോമിലേക്കുയര്‍ന്നു. തുടര്‍ന്നെത്തിയ തിവാരി (33) തന്റെ മിന്നുന്ന ഫോം തുടര്‍ന്നതോടെ പന്തുകള്‍ അതിര്‍ത്തിയിലേക്ക് പാഞ്ഞു. ക്യാപ്റ്റന്‍ ഗംഭീറും (35) ടീമിനായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. എന്നാല്‍ 26 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറികളുടേയും സിക്‌സറുകളുടേയും സഹായത്തോടെ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പഠാനാണ് കൊല്‍ക്കത്തയെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്.

എന്നാല്‍ കൊല്‍ക്കത്തയെ ഞെട്ടിച്ചായിരുന്നു ഡെക്കാണ്‍ മറുപടി ബാറ്റിംഗ് തുടങ്ങിയത്. സോഹലും (26) ശിഖര്‍ ധവാനും (54) ചേര്‍ന്ന് മികച്ച തുടക്കം അവര്‍ക്ക് നല്‍കി. എന്നാല്‍ മധ്യനിര തകര്‍ന്നത് ഡെക്കാണ് വിനയായി. സംഗക്കാര പൂജ്യത്തിനും ക്രിസ്റ്റ്യന്‍ ഒരുറണ്‍സിനും കൂടാരം കയറി.

വാലറ്റത്ത് രവി തേജ (30) അല്‍പ്പം മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അതി മതിയാകുമായിരുന്നില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ 149 റണ്‍സെടുക്കാനേ ഡെക്കാണ് കഴിഞ്ഞുള്ളൂ. കൊല്‍ക്കത്തയ്ക്കായി ഇഖ്ബാല്‍ അബ്ദുള്ളയും ഭാട്ടിയയും രണ്ടുവിക്കറ്റെടുത്തു.