Administrator
Administrator
വൈ എസ് ആറിന്റെ മരണത്തിന് പിന്നില്‍ അംബാനിമാരെന്ന് റിപ്പോര്‍ട്ട്‌
Administrator
Friday 8th January 2010 4:36pm

rajasheghara-reddyഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിനു പിന്നില്‍ അംബാനി സഹോദരന്‍മാരാണെന്ന് ചില മാധ്യമ റിപ്പോര്‍ട്ട്. റഷ്യന്‍ ഓണ്‍ലൈന്‍ ദൈ്വവാരികയായ exiledonline.com ല്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞ് ചിലപ്രാദേശിക വാര്‍ത്താ ചാനലുകളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

‘ലാറി സമ്മേഴ്‌സിന്റെ പഴയ മുതലാളിയുടെ ശത്രു ദുരൂഹമായ സഹചര്യത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു’ (‘Enemy of Larry Summers’ ex-boss dies in mysterious helicopter crash) എന്ന തലക്കെട്ടിലായിരുന്നു വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാരികയുടെ കോ എഡിറ്റര്‍ മാര്‍ക്ക് എയിംസ് ആണ് അപകടം സംഭവിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സപ്തംബര്‍ രണ്ടിനായിരുന്നു വാരികയില്‍ ഈ വാര്‍ത്ത വന്നത്.

റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ ഉപദേശകനായ ലാറി സമ്മേഴ്‌സ് ഇപ്പോള്‍ യു എസ് നാഷണല്‍ ഇക്കണോമിക് അഡൈ്വസറി കൗണ്‍സിലിന്റെ ഡയറക്ടറാണ്. കെ ജി ബാസിന്‍ ഗ്യാസ് ആന്ധ്രാപ്രദേശിന് വിതരണം ചെയ്യണമെന്ന രാജശേഖര റെഡ്ഡി നിര്‍ബന്ധം പിടിച്ചിരുന്നെന്നും ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ആയിരുന്നു മാര്‍ക്ക് എയിംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്നില്ല.

വാര്‍ത്തയെത്തുടര്‍ന്ന് ആന്ധ്രയില്‍ സംഘര്‍ഷമുടലെടുത്തിരിക്കയാണ്. തെലുങ്കാന വിഷയത്തില്‍ സംഘര്‍ഷഭരിതമായ ആന്ധ്ര ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് വിരുദ്ധ പ്രക്ഷോഭത്തിനും സാക്ഷിയാവുകയാണ്. വര്‍ത്ത വന്ന അന്ന് രാത്രി തന്നെ സംസ്ഥാനത്തെ റിലയന്‍സ് ഷോപ്പുകളും പെട്രോള്‍ പമ്പുകളും ആക്രമിച്ചു.

relianceഅംബാനി സഹോദരന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പോഷക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക സംസ്ഥാനം വേണമെന്ന തങ്ങളുടെ ആവശ്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള തന്ത്രമാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് തലുങ്കാന അനുകൂലികള്‍ പ്രതികരിച്ചു. വൈ എസ് ആറിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സി ബി ഐക്ക് ഇതുവരെയും ഇത്തരത്തിലുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

Advertisement