ഹൈദരാബാദ്: ആന്ധ്രയില്‍ കോണ്‍ഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ച് പുതിയ പാര്‍ട്ടിയുമായി മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി രംഗത്ത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടിയുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ നീക്കം നടത്താനൊരുങ്ങുകയാണ് ജഗന്‍.

കിഴക്കന്‍ ഗോദാവരിയിലെ ചടങ്ങില്‍ സംസാരിക്കവേയാണ് പുതിയ പാര്‍ട്ടിയെക്കുറിച്ച് ജഗന്‍ വ്യക്തമാക്കിയത്. കടപ്പയില്‍ പിതാവ് രാജശേഖര റെഡ്ഡിയെ അടക്കിയ സ്ഥലത്ത് വെച്ചായിരിക്കും പുതിയ പാര്‍ട്ടിയുടെ പതാക പുറത്തിറക്കുകയെന്ന് ജഗന്‍ പറഞ്ഞു.

വൈ.എസ്.ആറിന്റെ ചിത്രമുള്ള മൂവര്‍ണക്കൊടിയാകും പാര്‍ട്ടിക്കുണ്ടാവുക. ഓരോ ഗ്രാമീണന്റേയും പാവപ്പെട്ടവന്റെയും ദു: ഖങ്ങളും വിഷമങ്ങളും മനസിലാക്കി അവര്‍ക്കായി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് ജഗന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ജഗനും അമ്മയും അനുയായികളും പാര്‍ട്ടി വിടുകയായിരുന്നു.