ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ യു ട്യൂബിന് വിലക്ക് ഏര്‍പ്പെടുത്തി. പ്രവാചകനേയും ഇസ്‌ലാം മതത്തേയും അധിക്ഷേപിക്കുന്ന സിനിമയുടെ പ്രദര്‍ശനം തടയാന്‍ വേണ്ടിയാണ് യു ട്യൂബ് നിരോധിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ യു ട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യു ട്യൂബ് തയ്യാറായില്ല. തുടര്‍ന്നാണ് രാജ്യത്ത് യു ട്യൂബിന് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Ads By Google

ഇസ്‌ലാം വിരുദ്ധ ചിത്രത്തിലൂടെ അമേരിക്ക മതത്തെയും മതവിശ്വാസികളേയും വ്രണപ്പെടുത്തിയതായി ഹിസ്ബുള്ള നേതാവ് സയ്ദ് ഹസന്‍ പറഞ്ഞു.

സിനിമ എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ അമേരിക്ക അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സയ്ദ് താക്കീത് നല്‍കി.  പാക്കിസ്ഥാനിലെ കറാച്ചിയില്‍ സിനിമ പ്രദര്‍ശനത്തെ തുടര്‍ന്ന് യു.എസ് കോണ്‍സുലേറ്റിന് നേരെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയിരുന്നു.

ഇത് അക്രമാസക്തമായതിനെ തുടര്‍ന്നാണ് ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.