എഡിറ്റര്‍
എഡിറ്റര്‍
പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിപ്പിച്ചു ജീവനൊടുക്കി
എഡിറ്റര്‍
Wednesday 5th March 2014 10:08am

suicide

വിഴിഞ്ഞം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് അമിത വേഗത്തില്‍ ബൈക്ക് മതിലില്‍ ഇടിപ്പിച്ചു ജീവനൊടുക്കി.

വെണ്ണിയൂര്‍ നെല്ലിവിള മാവിള വീട്ടില്‍ രാജന്റെയും പരേതയായ സുലോചനയുടെയും മകനായ കുട്ടന്‍ എന്ന രഞ്ജിത്ത് (24) ആണ് മരിച്ചത്. യുവാവിന്റെ ആക്രമണത്തില്‍ കൈക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വെണ്ണിയൂര്‍ നെല്ലിവിള സ്വദേശിനി സബിന എസ്. കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം നാലിന് വെണ്ണിയൂര്‍ നെല്ലിവിള ഉഴുന്നുവിള ജങ്ഷനിലാണ് സംഭവം.

കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി ജങ്ഷനില്‍ ബസ്സിറിങ്ങി നെല്ലിവിള റോഡിലൂടെ നടന്നുപോകവെ ബൈക്കിലെത്തിയ രഞ്ജിത്ത് കൈയില്‍ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സബിനയെ പിന്നില്‍ നിന്നും കഴുത്തില്‍ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വലത് കൈയ്ക്കും വെട്ടേറ്റു. റോഡില്‍ വീണുകിടന്ന സബിനയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം രഞ്ജിത്ത് അമിത വേഗതയില്‍ ബൈക്കോടിച്ച് സമീപത്തെ വീടിന്റെ കരിങ്കല്‍ മതിലില്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതതതില്‍ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ വിഴിഞ്ഞം പോലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെട്ടുകത്തി സംഭവം നടന്ന സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയാളുടെ പോക്കറ്റില്‍നിന്നും വിഷദ്രാവകം സൂക്ഷിച്ചിരുന്ന കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പിതാവ് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് രണ്ടു തവണ ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.

ഓട്ടോഡ്രൈവറായിരുന്നു മരിച്ച രഞ്ജിത്. വിഴിഞ്ഞം പോലീസ് കേസെടുത്തു.

Advertisement