ബാംഗ്ലൂര്‍: ദിവസത്തിന്റെ ഭൂരിഭാഗം സമയവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഊളിയിടുന്ന യുവാക്കളില്‍ ആത്മഹത്യ മനോഭാവം കൂടുന്നതായുള്ള പഠനങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, തങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശരിയായ ഉപദേശങ്ങളും കൗണ്‍സിലിംഗുകളും ലഭിക്കാന്‍ വേണ്ടി വെബ്‌സൈറ്റുകള്‍ തിരയുന്ന യുവാക്കളുടെ എണ്ണം വെബ് ലോകത്ത് കൂടി വരികയാണ്.

ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ യുവാക്കളില്‍ അസൂയയും സ്വാര്‍ത്ഥതയും വര്‍ദ്ധിപ്പിക്കുന്നതായി വ്യത്യസ്ത രാജ്യങ്ങളിലായ നടന്ന വിവിധ സര്‍വ്വേകള്‍ പറയുന്നു. ടെന്‍ഷനും മാനസിക സമ്മര്‍ദ്ദങ്ങളും ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതിലൂടെ അപകടകരമായ വിധത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ യുവാക്കളുടെ ജീവിതം വഴുതിക്കഴിഞ്ഞു. ഇന്ത്യയില്‍ ബാംഗ്ലൂരിലും മുംബൈയിലും സൂറത്തിലുമെല്ലാം ‘വെബ് മാനിയ’ പിടികൂടി മാനസിക സമ്മര്‍ദ്ദത്തിനടിമകളായി ജീവിതം നശിപ്പിക്കുന്ന യുവാക്കള്‍ കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe Us:

ഇത്തരം യുവാക്കള്‍ കൂട്ടത്തോടെ തങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വെബ് ലോകത്ത് അലയുകയാണത്രെ. യുവാക്കളെ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി സൗജന്യമായി കൗണ്‍സിലിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും വളരെ കുറവാണ്. മിക്ക സൈറ്റുകളും ഉപയോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് കാലിയാക്കുന്നവയാണ്. അത്‌കൊണ്ടുതന്നെ, പരസ്യവരുമാനം മാത്രം കൈമുതലാക്കി സൗജന്യമായി കൗണ്‍സിലിംഗ് നല്‍കുന്ന വെബ്‌സൈറ്റുകള്‍ യുവഡോക്ടര്‍മാര്‍ തുടങ്ങുന്ന പ്രവണത കൂടിവരികയാണ്.