പശ്ചിമബംഗാള്‍ : തനിക്ക് അപ്രിയമായ ചോദ്യം ചോദിക്കുന്നവരെയെല്ലാം മാവോയിസ്റ്റ് എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്ന മമതയില്‍ നിന്നും അവസാനം മറുപടി ലഭിച്ചു.

Ads By Google

ബുധനാഴ്ച്ചയായിരുന്നു സംഭവം. കുത്തനെയുള്ള വിലക്കയറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ച യുവാവിനാണ് ഈ ഭാഗ്യമുണ്ടായത്. വിലക്കയറ്റം തങ്ങളുടെ കയ്യില്‍ ഒതുങ്ങുന്നതല്ലെന്നും ഇത് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നുമാണ് മമത മറുപടി നല്‍കിയത്.

പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് യുവാവ് മമതയോട് ചോദ്യം ചോദിച്ചത്.

ആഗസ്റ്റ് 8 ന് ശിലാദിത്യ ചൗധരി എന്ന കര്‍ഷകന്‍ മമതയോട് ഇത്തരത്തില്‍ ചോദ്യം ചോദിച്ചതും തുടര്‍ന്നുള്ള മമതയുടെ പ്രതികരണവും ഏറെ വിവാദമായിരുന്നു. ദാരിദ്ര്യം മൂലം കര്‍ഷകര്‍ മരിക്കുകയാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നുമായിരുന്നു ശിലാദിത്യ ചോദിച്ചത്. ചോദ്യത്തില്‍ പ്രകോപിതയായ മമത ശിലാദിത്യയെ മാവോയിസ്റ്റ് എന്ന് ആരോപിക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്ന് 14 ദിവസം ശിലാദിത്യ പോലീസ് കസ്റ്റഡിയിലായിരുന്നു.

സംഭവം വിവാദമായത് മമതയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ടെന്നാണ് മമതയുടെ പുതിയ പ്രവൃത്തിയില്‍ നിന്നും മനസ്സിലാകുന്നത്.