എഡിറ്റര്‍
എഡിറ്റര്‍
‘സെന്‍കുമാര്‍ ആര്‍.എസ്.എസിന്റെ ലൗഡ് സ്പീക്കറായി മാറിയിരിക്കുന്നു’; സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ്
എഡിറ്റര്‍
Sunday 9th July 2017 8:52pm

തൃശ്ശൂര്‍ : മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ ഐ.പി.സി 153-എ പ്രകാരം കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ. ഇക്കാര്യമുന്നയിച്ച് നാളെ ഡി.ജി.പിക്ക് യൂത്ത്ലീഗ് പരാതി നല്‍കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.

രാജ്യവ്യാപകമായി മതസ്പര്‍ദ്ധ വളര്‍ത്തി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കുന്നതിന് സംഘപരിവാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളാണോ സെന്‍കുമാറെന്നത് അന്വേഷിക്കണം. വസ്തുതാവിരുദ്ധവും അത്യന്തം മത വിദ്വേഷമുണ്ടാക്കുന്നതുമായ പ്രചാരണങ്ങളാണ് ഉന്നത പോലീസ് പദവിയിലിരുന്ന ഒരാളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും യൂത്ത് ലീഗ് പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.


Also Read:  ‘ലൗ ജിഹാദ് ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല; റിട്ടയര്‍മെന്റിന് മുമ്പ് എന്തായിരുന്നു സെന്‍കുമാര്‍ ചെയ്തിരുന്നത്’; സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് എം.എന്‍ കാരശ്ശേരി


പോലീസ് അന്വേഷിച്ച് സംഘപരിവാര്‍ പ്രചാരണമാണെന്ന് കണ്ടെത്തിയ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പ്രസ്താവന നടത്തിയ സെന്‍കുമാര്‍ ആര്‍.എസ്സ്.എസ്സിന്റെ ലൗഡ് സ്പീക്കര്‍ ആയി മാറിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42പേര്‍ മുസ്ലിംകളാണെന്ന് പ്രഖ്യാപിച്ച സെന്‍കുമാര്‍ ഏത് സോഴ്സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ എവിടെയാണ് മുസ്ലിങ്ങള്‍ ജിഹാദ് നടത്തി സ്വര്‍ഗത്തില്‍ പോകണമെന്ന് പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കാന്‍ സെന്‍കുമാര്‍ തയ്യാറാകണം. ഹമീദ് ചേന്ദമംഗലൂരും എം.എന്‍ കാരശ്ശേരിയും ഒഴികെയുള്ള മുസ്ലിംകള്‍ റി-റാഡിക്കലൈസേഷന് വിധേയമാവാന്‍ ഏത് കോഴ്സിനാണ് ചേരേണ്ടതെന്നും ആരെയാണ് സമീപിക്കേണ്ടതെന്നും മുന്‍ പോലീസ് മേധാവി വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് പറഞ്ഞു.

ആര്‍.എസ്.എസ്സിനെതിരെ ഹിന്ദു സമുദായം പ്രതികരിക്കുന്നത് പോലെതന്നെ ഐ,എസ്.ഐ.സ്സിനെ പ്രതിരോധിക്കാന്‍ മുസ്ലിം സമുദായവും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. അത്കൊണ്ടാണ് 90ലക്ഷത്തോളം വരുന്ന മുസ്ലിംകളില്‍ കേവലം വിരലിലെണ്ണാവുന്നവര്‍ മാത്രം ഐ.എസ്സിലേക്ക് ആകൃഷ്ട്രരായത്. മുസ്ലിംകളിലും നല്ലവരുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് സെന്‍കുമാര്‍ പോക്കറ്റില്‍ വെച്ചാല്‍ മതിയെന്നും വര്‍ഗീയവാദിയെന്ന് സ്വയം തെളിയിച്ച സെന്‍കുമാര്‍ അത് പുറത്തേക്കെടുക്കേണ്ടതില്ലെന്നും യൂത്ത്ലീഗ് വ്യക്തമാക്കി.

Advertisement