എഡിറ്റര്‍
എഡിറ്റര്‍
തലവരിയും കോഴയും: ലീഗ് നിയന്ത്രണത്തിലുള്ള കോളേജിനെതിരെ യൂത്ത് ലീഗ്
എഡിറ്റര്‍
Friday 22nd June 2012 12:16am

മലപ്പുറം: വിദ്യാര്‍ഥി പ്രവേശത്തിനും അധ്യാപകനിയമനത്തിനും കോഴ വാങ്ങുന്നെന്നാരോപിച്ച് മുസ്‌ലീം നിയന്ത്രണത്തിലുള്ള കോളേജിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് മാനേജ്‌മെന്റിനെതിരെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കോളജ് സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 29ന് രാവിലെ ഒമ്പതിന് കോളജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലീഗിന്റെ മുന്‍കാല നേതാക്കള്‍ നിര്‍മ്മിച്ച ഇ.എം.ഇ.എ കോളേജ് ഇന്ന് ചിലരുടെ സാമ്പത്തിക സ്രോതസ്സായി മാറിയെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ പരിഗണന നല്‍കാതെ പണം നല്‍കുന്നവര്‍ക്ക് പ്രവേശം നല്‍കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. കോളേജിലെ അധ്യാപക നിയമത്തിനും വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

മാനേജ്‌മെന്റ് സീറ്റില്‍ 50 ശതമാനം പ്രാദേശികസംവരണം ഏര്‍പ്പെടുത്തുക, സാമ്പത്തികചൂഷണം അവസാനിപ്പിക്കുക, വിദ്യാര്‍ഥി അധ്യാപക നിയമനങ്ങളിലെ കോഴ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കോളേജിന്റെ മാനേജിംഗ് കമ്മിറ്റിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഡയറക്ടര്‍മാരും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ചെയര്‍മാനും ബഷീറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും പി.കെ. ബഷീര്‍ എം.എല്‍.എ ജനറല്‍ സെക്രട്ടറിയും നാലകത്ത് സൂപ്പി വൈസ് പ്രസിഡന്റും കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ സെക്രട്ടറിയുമാണ്.

Advertisement