കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ കോലം കത്തിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കോലംകത്തിക്കല്‍.

നിലവില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായ കെ. അബ്ദുല്‍ഖാദര്‍ മൗലവിയെ പ്രസ്തുത സ്ഥാനത്തേക്ക് വീണ്ടും നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. പ്രതിഷേധ പ്രകടനം നടത്തിയ ഇരുപതോളം പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള പ്രകടനത്തിനുശേഷമായിരുന്നു കോലംകത്തിക്കല്‍.

ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ജില്ലയില്‍ തര്‍ക്കം തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തിയ പി.കെ.കെ ബാവയെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.