എഡിറ്റര്‍
എഡിറ്റര്‍
അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം
എഡിറ്റര്‍
Sunday 25th March 2012 6:19pm

വേങ്ങര: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യവസായ മന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു. 28-ാം തിയ്യതിയിലെ യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ മന്ത്രിമാരെ തടയുമെന്ന് പ്രതിഷേധിച്ച് യൂത്ത് ലീഗുകാര്‍ മുന്നറിയിപ്പു നല്‍കി.

മുസ്ലിം ലീഗില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമായിരിക്കുകയാണിപ്പോള്‍. കാസര്‍ഗോഡും കണ്ണൂരിലുമെല്ലാം പ്രവര്‍ത്തകര്‍ നേതാക്കളെ തടഞ്ഞിരുന്നു. നേരത്തെ, കൊച്ചിയില്‍ നടന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരു വിഭാഗം ബഹളമുണ്ടാക്കി യോഗം അലങ്കോലപ്പെടുത്തിയിരുന്നു. ലീഗ് അംഗത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് യോഗം വേഗത്തില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് യോഗം നടന്നിടത്തു നിന്നും പുറത്തു വന്ന് മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരെ ചിലര്‍ മുദ്രാവാക്യം വിളിച്ചു. കുടുംബ വാഴ്ച അവസാനിപ്പിക്കുക, ഏകാധിപത്യം അവസാനിക്കുക എന്നുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി.

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്ന കാര്യം സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേസമയം, ലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപപ്പെട്ടതായി സൂചനയുണ്ട്. മേയില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുമ്പോള്‍ അതിലൊന്ന് നല്‍കി ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ രാജ്യസഭാ സീറ്റിന് മാണി ഗ്രൂപ്പും അവകാശം ഉന്നയിക്കുന്നതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാകും.

Malayalam News

Kerala News in English

Advertisement