ദമാം: സാമ്പത്തിക ക്രമീകരണവും വിശുദ്ധിയും നിലനിര്‍ത്തി, പ്രലോഭനങ്ങളെ അതിജീവിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കണമെന്ന് സിറ്റിഫ്‌ളവറുമായി സഹകരിച്ച് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച സെമിനാര്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.

Subscribe Us:

‘പുനര്‍ നിര്‍ണ്ണയിക്കേണ്ട സാമ്പത്തിക അജണ്ട’ എന്ന തലക്കെട്ടിലായിരുന്നു മത സാംസ്‌കാരിക രംഗത്തെ പ്രമുര്‍ പങ്കെടുത്ത സെമിനാര്‍.
സുതാര്യതയോടും കരുതലോടും കൂടി സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. കടത്തെ ധനമായി കരുതാതിരിക്കുക. അത്യാവശ്യങ്ങള്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ക്കുമല്ലാതെ കടം വാങ്ങുന്ന പ്രവണത ഒഴിവാക്കുക.

Ads By Google

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് തലവെച്ച് കൊടുത്ത് സാമ്പത്തിക അജണ്ടകള്‍ അട്ടിമറിക്കപ്പെടുന്നത് ശ്രദ്ധിക്കുക. വിഷയമവതരിപ്പിച്ച് കൊണ്ട് യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് സമിതിയംഗം യാസിര്‍ കെ.എം അഭിപ്രായപ്പെട്ടു.

പ്രലോഭനങ്ങളെ അതിജീവിക്കുക. എപ്പോഴൊക്കെ പ്രലോഭനങ്ങളൂണ്ടാവുന്നുവോ അപ്പോഴോക്കെ സാമ്പത്തിക ക്രമീകരണം നഷ്ടപ്പെടുന്നു. നമ്മുടെ സ്വീകരണ മുറി മുതല്‍ ആ ക്രമീകരണം ആരംഭിക്കേണ്ടതുണ്ട്. പ്രലോഭനങ്ങള്‍ക്ക് അതീതമായി ജീവിക്കാന്‍ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. ചര്‍ച്ചക്ക് തുടക്കം കുറിച്ച് റിയാസ് ഇസ്മായീല്‍ പറഞ്ഞു.

നമ്മുടെ ഹൃദയത്തിന്റെ ഉള്ളില്‍നിന്നും മാറ്റം തുടങ്ങേണ്ടതുണ്ട്. സ്വയം മാറാന്‍ തയ്യാറാവാത്ത കാലത്തോളം സെമിനാറുകളും പ്രകമ്പനം കൊള്ളുന്ന പ്രഭാഷണങ്ങളും കൊണ്ട് ഈ അവസ്ഥയെ മാറ്റിയെടുക്കാന്‍ സാധിക്കില്ല എന്ന ഓര്‍മപ്പെടുത്തലോട് കൂടി ശബീര്‍ വെള്ളാടത്ത് സംസാരിച്ചു.

അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബിജു കല്ലുമല സംസാരിച്ചു. പുത്തന്‍ തട്ടിപ്പ് സംരംഭങ്ങളുമായി ആര് വന്നാലും ആദ്യം തലവെച്ച് കൊടുക്കുന്നവര്‍ മലയാളികളാണ്. ഇവിടെ നടക്കുന്ന ഒട്ടേറേ ആത്മഹത്യകളൂടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങളാണ് കണാന്‍ കഴിയുക. പലിശക്ക് പണം വാങ്ങാതിരിക്കുക. അയല്‍ക്കാരന്റെ വിഭവങ്ങള്‍ കണ്ട് നമ്മുടെ കുടുംബത്തിന് അജണ്ട നിശ്ചയിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചക്ക് വിരാമമിട്ടുകൊണ്ട് കെ.എം ബഷീര്‍ സംസാരിച്ചു. വരവും ചെലവും ഒത്തുപോകാന്‍ സഹായിക്കുന്ന രീതിയിലുള്ള ഒരു കുടുംബ ബജറ്റ് ഉണ്ടാവേണ്ടതുണ്ട്. കുടുംബ ബജറ്റില്‍ നന്നായി ശ്രദ്ധിക്കാന്‍ കഴിയുക സ്ത്രീകള്‍ക്കാണ്. ജീവിതത്തിലെ ആവശ്യവും അത്യാവശ്യവും അനാവശ്യവും നിര്‍ണ്ണയിക്കേണ്ടതുണ്ട്.

ഉപഭോഗ സംസ്‌കാരം പുതിയ ഉല്‍പന്നങ്ങളും, പുത്തന്‍ ടെക്‌നോളജികളുമായി നമ്മെ സമീപിക്കുമ്പോള്‍ അതിനനുസരിച്ച് നാം മാറിക്കൊണ്ടിരിക്കുന്നത് ആവശ്യമാണോ എന്നത് നമ്മള്‍ വിലയിരുത്തേണ്ടതുണ്ട്. ഓഫറുകള്‍ക്ക് പിന്നാലെ പോയി സാമ്പത്തിക അച്ചടക്കം തകരുന്ന അവസ്ഥ ഉണ്ടാകരുത്. പലിശയുമായി ബന്ധപ്പെട്ട ഒരാളും രക്ഷപ്പെട്ട ചരിത്രമില്ല. നമ്മുടെ ഗവണ്മെന്റു പൊലും കടത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ തട്ടിപ്പുകള്‍ക്കും നിന്നു കൊടുക്കുന്നവരാണ് പ്രവാസികള്‍. തായ്‌ലന്റ് ലോട്ടറി പോലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെടുകയില്ല എന്ന് തീരുമാനിക്കുകയും അതില്‍ നിന്ന് ആളുകളെ മോചിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ല്പ
സിറ്റി ഫ്‌ളവര്‍ മാനേജര്‍ ഷാഹിര്‍ ആമു പ്രസംഗം നടത്തി.

കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം പ്രവാസികളുടെ സാമൂഹിക വിഷയങ്ങളിലൂള്ള താല്‍പര്യത്തിന്റെ ഭാഗമാണ് യൂത്ത് ഇന്ത്യയുടെ കാമ്പയിനുമായുള്ള സഹകരണമെന്നു അദ്ദേഹം പറഞ്ഞു.  സഈദ് ഹംദാനി രചിച്ച കവിത റഊഫ് ചാവക്കാട് ആലപിച്ചു.
യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.ആര്‍ സെക്രട്ടറി അമീന്‍.വി.ചൂനൂര്‍ സ്വാഗതവും സിറ്റി ഫഌവര്‍ ഗ്രൂപ് ഡയറക്ടര്‍ റാഷിദ് കോയ നന്ദിയും പറഞ്ഞു.