ഈ വര്‍ഷത്തെ യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രമുഖ പ്രവാസി സാഹിത്യകാരന്‍ ബാബു ഭരദ്വാജിന്. ബാബു ഭരദ്വാജിന്റെ ‘പ്രവാസിയുടെ കുറിപ്പുകള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Ads By Google

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി സ്വദേശിയായ ബാബു ഭരദ്വാജ് ഇപ്പോള്‍ മീഡിയ വണ്‍ ചാനലിന്റെ പ്രോഗ്രാം എഡിറ്ററായി സേവനമനുഷ്ഠിക്കുകയാണ്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വാരിക എഡിറ്റര്‍, ഡൂള്‍ന്യൂസ് മുന്‍ ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലം, ഗണപതിചെട്ട്യാരുടെ മരണം ഒരു വിയോജനക്കുറിപ്പ്, മരണത്തിന്റെ സന്ധിസമാസങ്ങള്‍, വഴിപോക്കന്റെ വാക്കുകള്‍, കബനീ നദി ചുവന്നത് എന്നിവയാണ് പ്രധാന കൃതികള്‍.

2006 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ ഏഴിന് കുവൈറ്റില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.