മഹനായ ചലച്ചിത്രസംവിധായകന്‍ സത്യജിത് റേയുടെ മാസ്റ്റര്‍ പീസുകളിലൊന്നായ ചാരുലതയുടെ തിരക്കഥ മോഷണം പോയി. തിരക്കഥയുടെ കയ്യെഴുത്തുപ്രതിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്.

Subscribe Us:

1980കളിലാണ് സംഭവം. കുറേയുവാക്കള്‍ റേയെ കാണാനായി വീട്ടിലെത്തി. ഇവര്‍ക്ക് തന്റെ ചിത്രങ്ങളുടെ തിരക്കഥകളുടെ കയ്യെഴുത്ത് പ്രതിയടങ്ങിയ ഫയല്‍ റേ കാണിച്ചുകൊടുത്തു. ഈ സമയത്ത് ഏതോ ഒരു യുവാവാണ് സ്‌ക്രിപ്റ്റ് മോഷ്ടിച്ചത്. മോഷ്ടിച്ചത് ആരാണെന്ന് റേയ്ക്ക് മനസിലാവുകയും ചെയ്തു.

റേയുടെ അടുത്ത കൂട്ടുകാരിലൊരാളായ ഗാസ്‌റ്റോണ്‍ റോബേജാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളോട് പ്രത്യേക താല്‍പര്യമുള്ള റോബേര്‍ജ് ബുധനാഴ്ചയാണ് ഒരു പത്രലേഖകന് മുന്നില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

‘ ഞാന്‍ എല്ലാദിവസവും റേയുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടു.’ റോബേജ് ഓര്‍ത്തെടുക്കുന്നു. ‘ ഞാന്‍ വരുന്നതിന് കുറച്ച് മുമ്പ് അദ്ദേഹത്തെ കാണാന്‍ കുറച്ച് യുവാക്കള്‍ എത്തിയിരുന്നു. അവര്‍ക്ക് തിരക്കഥകളുടെ കയ്യെഴുത്ത് പ്രതികളടങ്ങിയ ഫയല്‍ കാണിച്ചിരുന്നു.’

എന്തോ കാര്യത്തിനായി റേ വീട്ടിനുള്ളിലേക്ക് പോയപ്പോഴേക്കും തിരക്കഥയുമായി യുവാക്കള്‍ മുങ്ങുകയായിരുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെട്ടാല്‍ മോഷണം നടത്തിയയാളുടെ ഭാവിയെ അത് ബാധിക്കുമെന്ന് റേ തന്നോട് പറഞ്ഞതായും റോബേജ് വെളിപ്പെടുത്തി.

ആരാണ് മോഷണം നടത്തിയതെന്ന് താന്‍ റേയോട് ചോദിച്ചിട്ടില്ലെന്നും റോബേജ് പറയുന്നു.

Malayalam News
Kerala News in English