തൃശൂര്‍ : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 60 ശതമാനം സീറ്റെങ്കിലും യുവാക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെതിരെ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജു . പാര്‍ലിമെന്ററി സ്ഥാനങ്ങള്‍ കുത്തകയാക്കി വച്ചിരിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും.

ജനാധിപത്യ പ്രക്രിയയില്‍ യുവാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കണം. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ യുവജനങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ലിജു മുന്നറിയിപ്പ് നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പിലും യുവാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കില്‍ വിമതരെ നിര്‍ത്തും. അത് എത്ര വലിയ നേതാവിനെതിരാണെങ്കിലും യൂത്ത് കോണ്‍ഗ്രസ് പിന്‍മാറില്ലെന്നും ലിജു വ്യക്തമാക്കി. തുടര്‍ന്നും യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പലവട്ടം എം എല്‍ എയും എം പിയുമായിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പെന്‍ഷന്‍ വരുമാനം മാത്രം അനില്‍ അംബാനിയേക്കാള്‍ കൂടുതലാണെന്നും ലിജു ആരോപിച്ചു.

കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് കെ എസ് യു നേതാവ് ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു.