കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രരക്ഷാ റാലിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. അക്രമത്തില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെ പരിക്കുകളോടെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ഒരു പ്രദേശിക വാര്‍ത്താ ചാനലിന്റെ ക്യാമറ നശിപ്പിക്കപ്പട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചു.

Ads By Google

റാലിക്കെത്തിയ പ്രവര്‍ത്തകര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള എന്‍.ജി.ഒ യൂണിയന്റെ കൊടിമരം മറിച്ചിടാന്‍ ശ്രമിച്ചത് നേതാക്കള്‍ വിലക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള വാഗ്വാദം പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രകോപനമില്ലാതെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയത്. കൊട്ടിയൂരില്‍ നിന്നുള്ള മണ്ഡലം കമ്മിറ്റി നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ അഭിലാഷ് ജോണ്‍, അമൃത ടി.വി റിപ്പോര്‍ട്ടര്‍ ദീപക് ധര്‍മടം, ക്യാമറാ മാന്‍ അശോകന്‍, ഇന്ത്യാവിഷന്‍ ക്യാമറാ മാന്‍ സുമേഷ മൊറാഴ, ഡ്രൈവര്‍ ജിതേഷ്, ജീവന്‍ ടി.വി ക്യാമറാ മാന്‍ ശ്രീജിത്, കണ്ണൂര്‍ പ്രദേശിക ചാനലായ സീല്‍ ചാനല്‍ ക്യാമറാ മാന്‍ പ്രവീണ്‍ കുമാര്‍, സിറ്റി വിഷന്‍ ക്യാമറാ മാന്‍ ജ്യോതിഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജ്യോതിഷിന്റെ ക്യാമറയാണ് തകര്‍ത്തത്.

സമ്മേളനം ഏതാണ്ട് പകുതിയായപ്പോഴായിരുന്നു അക്രമം നടന്നത്.