balram--deen

തിരുവനന്തപുരം: ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി വി.ടി ബല്‍റാം എം.എല്‍.എയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി.

തിരഞ്ഞെടുപ്പില്‍ ബിഷപ്പിന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഇടുക്കി ബിഷപ്പിനെ വി.ടി ബല്‍റാം എം.എല്‍.എ നികൃഷ്ടജീവി എന്ന് വിശേഷിപ്പിച്ചിരുന്നു.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ഇത് പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തുടര്‍ന്ന് ഇടുക്കി രൂപതയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബല്‍റാമിനെതിരെ ഡീന്‍ കുര്യാക്കോസും കെ.പി.സി.സി സമിതിയും മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കകത്തു നിന്നു തന്നെ സമ്മര്‍ദ്ദമായതോടെ തന്റെ പരാമര്‍ശത്തില്‍ ബല്‍റാം കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇടുക്കിയില്‍ ഡീന്‍ തോറ്റാല്‍ ഉത്തരവാദിത്തം ബല്‍റാമിനാണെന്ന വാദവുമായി യൂത്ത് കോണ്‍ഗ്രസ് വന്നിരിയ്ക്കുന്നത്.

അതേസമയം ഇടുക്കി രൂപതയുമായി കോണ്‍ഗ്രസിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ഡീന്‍ പറഞ്ഞിരുന്നു.