Categories

യു.ഡി.എഫ് യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

pic-congress കൊച്ചി: യു.ഡി.എഫ് യോഗം നടക്കുന്ന എറണാകുളം ബി.ടി.എച്ച് ഹോട്ടലിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. സോഷ്യലിസ്റ്റ് ജനത നേതാവ് കെ.കൃഷ്ണന്‍ കുട്ടിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനായി കൃഷ്ണന്‍കുട്ടി ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം.

പാലക്കാട് ജില്ലയിലുള്ള പ്രവര്‍ത്തകരാണ് കൂടുതലായും പ്രകടനത്തില്‍ പങ്കെടുത്തത്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെയാണ് അവര്‍ പ്രകടനുമായി മുന്നോട്ട് പോയത്.

പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ സോഷ്യലിസ്റ്റ് ജനതക്ക് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ വിവാദം നിലനില്‍ക്കുന്നുണ്ട്. കൃഷ്ണന്‍കുട്ടിക്ക് നല്‍കാമെന്ന് പറഞ്ഞ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്ത് കെ അച്ച്യുതന് നല്‍കുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍കുട്ടി അച്ച്യുതനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസ് പരാതി.

വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളെക്കണ്ട കൃഷ്ണന്‍കുട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. യു.ഡി.എഫ് ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും താനിനി യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞിരുന്നു.

എന്‍ഡോസള്‍ഫാന്‍: കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം

കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിമര്‍ശനം. ഇ.എം അഗസ്തി, ബെന്നി ബെഹനാനന്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്.

വിഷയത്തില്‍ കൂടുതല്‍ വ്യക്തമായ നിലപാട് കോണ്‍ഗ്രസ് കൈക്കൊള്ളണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടണം. ഭാവി പരിപാടികളിലെങ്കിലും വ്യക്തതയുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

അതേസമയം എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലപാടെടുത്ത വി.എം സുധീരന്‍ യോഗത്തില്‍ സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പരസ്യമായി വിമര്‍ശനമുന്നയിച്ച സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. എന്നാല്‍ അത് അവര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.