മലപ്പുറം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇ.ടി.യുടെ മലപ്പുറം വാഴക്കാട്ടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അഞ്ചാം മന്ത്രി വിഷയത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയരുന്നു.

യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനെതിരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്ത് വന്നിരുന്നു. എന്നാല്‍ മാര്‍ച്ച് തങ്ങളുടെ അറിവോടെയല്ലെന്നും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലീഗ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ ഹരിപ്പാട് നിയോജക മണ്ഡലത്തിലുള്ള മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.

യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് പി സി വിഷ്ണുനാഥ് എം.എല്‍.എ. നേരത്തെ പ്രതികരിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ വീട്ടിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തിയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും വിവേകത്തോടെ പ്രവര്‍ത്തികാന്‍ യൂത്ത്‌ലീഗ് തയ്യാറാകണണമെന്നും യൂത്ത് ലീഗ് നടപടികള്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞിരുന്നു.