മട്ടന്നൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബ് (29) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ഇയാളെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe Us:

സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ശുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സി.പി.ഐ.എം മട്ടന്നൂര്‍ ഏരിയാ കമ്മറ്റിയുടെ പ്രതികരണം.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.ഐ.എം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ സി.പി.ഐ.എമ്മിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ.എം അധികാര മുഷ്‌ക് ഉപയോഗിച്ച് കണ്ണൂരില്‍ അക്രമം അഴിച്ച് വിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു.