Categories

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്: ബല്‍റാമിനെ പരിഗണിച്ചേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വി.ടി.ബല്‍റാം എം.എല്‍.എ യെ പരിഗണിക്കില്ലെന്ന് സൂചന.  പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബല്‍റാമിനെ പരിഗണിക്കേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതൃത്വം.

Ads By Google

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വവിതരണം ആരംഭിച്ചു കഴിഞ്ഞെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പറ്റി ഇരുഗ്രൂപ്പിലും വ്യക്തതയില്ലെന്നാണ് അറിയുന്നത്.

എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷാഫി പറമ്പിലും ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി ഹൈബി ഈഡനും മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പുതിയ തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഇരുവര്‍ക്കും മത്സരിക്കാനാവില്ല.

ഹൈബി ഈഡനും ഷാഫി പറമ്പിലിനും മത്സരിക്കാനുള്ള സാധ്യത ഇല്ലാതായതോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എ, ഐ, വിഭാഗങ്ങള്‍.

ഹൈബി ഈഡനും ഷാഫി പറമ്പിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല എന്നതാണ് ഇരുവര്‍ക്കുമുള്ള അയോഗ്യത. പി.സി.വിഷ്ണുനാഥിന് പ്രയാപരിധി കഴിയുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ എ ഗ്രൂപ്പ് സ്വാഭാവികമായും ബല്‍റാമിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതായിരുന്നു. എന്നാല്‍ ഗ്രൂപ്പിന്റെ പല താത്പര്യങ്ങള്‍ക്കും വിപരീതമായുള്ള ബല്‍റാമിന്റെ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളുമാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.

ഹരിത എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്ന് നെല്ലിയാമ്പതി വിഷയത്തിലഉള്ള ഇടപെടല്‍, ദേവസ്വം നിയമ ഭേദഗതിയെ കുറിച്ചുള്ള നിലപാട് എന്നിവ ബല്‍റാമിനെ എ ഗ്രൂപ്പുകാരില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ട്.