കൊല്ലം: സംഘടനാ രാഷ്ട്രീയ പ്രമേയ അവതരണത്തെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന സമ്മേളനത്തിലവതരിപ്പിയ്ക്കാന്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേയും പാര്‍ട്ടി നയങ്ങള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമുണ്ടായി. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിയ്ക്കാത്ത കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട് ആവര്‍ത്തിക്കുകയാണ് പ്രമേയം.

കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന സമിതി രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കി.

പ്രമേയം അംഗീകരിച്ചില്ലെങ്കില്‍ രാജിവക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം ലിജുവിന്റെ ഭീഷണിക്ക് വഴങ്ങിയാണ് സമിതി പ്രമേയത്തിന് അംഗീകാരം നല്‍കിയത്.

മുന്‍നിര നേതാക്കളെ നിലനിര്‍ത്തി രണ്ടാം നിര നേതാക്കള്‍ യുവാക്കള്‍ക്കായി മാറി നില്‍ക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്.

യു ഡി എഫ് അധികാരത്തിലെത്തുമ്പോള്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ സ്വന്തം വകുപ്പുകള്‍ സാമ്രാജ്യമാക്കി വെക്കാനാണ് ശ്രമിയ്ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. അനര്‍ഹമായ പരിഗണനയാണ് ചെറിയ പാര്‍ട്ടികള്‍ക്ക് ലഭിയ്ക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കാതെ കോണ്‍ഗ്രസ് തന്നെ വഹിയ്ക്കണം.

സാമുദായിക സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ പലപ്പോഴും വശം വദരാകുന്നു. ഈ പ്രവണത സംഘടനയ്ക്ക് ദോഷം ചെയ്യും. സാമുദായിക സംഘടനയുടെ ചീട്ടുമായി വരുന്നവര്‍ക്ക് അനര്‍ഹമായ അംഗീകാരം നല്‍കുന്ന പ്രവണത അവസാനിപ്പിയ്ക്കണം. കുത്തകകളുടെ കടന്നുകയറ്റം വികസനത്തിന്റെ മാനുഷിക മുഖം നഷ്ടമാക്കുന്നുവെന്നും പ്രമേയം പറയുന്നു.

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നത്. വൈകിട്ട് 5 ന് ആശ്രാമം മൈതാനം കേന്ദ്രീകരിച്ച് ആരംഭിച്ച റാലിയില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കന്മാരും പ്രവര്‍ത്തകരും പങ്കെടുത്തു.