തൃശ്ശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. വിചാരണയ്ക്കായി തൃശ്ശൂര്‍ അതിവേഗ കോടതി പരിസരത്തെത്തിച്ച ഗോവിന്ദച്ചാമിയെ അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

സൗമ്യവധക്കേസിലെ വിചാരണ ഇന്ന് ആരംഭിക്കുകയാണ്. വിചാരണയ്ക്കായി ഗോവിന്ദച്ചാമിയെയും മറ്റ് രണ്ട് പ്രതികളെയും കോടതിവളപ്പില്‍ കൊണ്ടുവന്നപ്പോഴാണ് അപ്രതീക്ഷിത ആക്രമണം നടന്നത്. ഇവര്‍ക്കൊപ്പം പത്തോളം പോലീസുകാരുണ്ടായിരുന്നു. ഇവര്‍ കോടതിവളപ്പിലെത്തിയപ്പോള്‍ പലഭാഗത്തായി ചിതറി നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണം നടത്തിയവരെ പോലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗോവിന്ദച്ചാമിയ്‌ക്കെതിരെയുള്ള ജനരോഷം കാരണം തെളിവെടുപ്പ് ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. കേസിന്റെ വിചാരണ ഇന്ന് നടയ്ക്കുന്നതിനാല്‍ കോടതിവളപ്പില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.