എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങളുടെ പണം നിങ്ങളുടെ കൈകളില്‍’ കോണ്‍ഗ്രസിന്റെ പുതിയ മുദ്രാവാക്യം
എഡിറ്റര്‍
Thursday 29th November 2012 12:02am

ന്യൂദല്‍ഹി: സബ്‌സിഡിത്തുക ഗുണഭോക്താവിന്റെ കൈകളില്‍ നേരിട്ടെത്തിക്കാനുള്ള പദ്ധതി കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ”ആപ് കാ പൈസ, ആപ് കേ ഹാത്ത് മേം” (നിങ്ങളുടെ പണം നിങ്ങളുടെ കൈകളില്‍) എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്.

Ads By Google

”ആം ആദ്മി കാ ഹാത്ത് കോണ്‍ഗ്രസ് കെ സാത്ത്” (സാധാരണക്കാരന്റെ കൈ, കോണ്‍ഗ്രസ്സിനൊപ്പം)2004ല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറാന്‍ സഹായിച്ച പല ഘടകങ്ങളിലൊന്ന് ഈ മുദ്രാവാക്യമായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന ബി.ജെ.പി.യുടെയും എന്‍.ഡി.എ.യുടെയും മുദ്രാവാക്യത്തെ കോണ്‍ഗ്രസ് നേരിട്ടത് സാധാരണക്കാരനെ കൂട്ടുപിടിച്ചായിരുന്നു.

സബ്‌സിഡിത്തുക നേരിട്ട് പണമായി നല്‍കുന്ന പദ്ധതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്ന് പറയുമ്പോഴും 2009ലെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ ഇത് വാഗ്ദാനമായിരുന്നുവെന്ന് പാര്‍ട്ടി സമ്മതിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ഗുണഭോക്താവിന്റെ കൈവശം എത്തുന്നതെന്ന രാജീവ് ഗാന്ധിയുടെ പ്രശസ്തമായ പരാമര്‍ശവും ഇതോടൊപ്പം കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നുണ്ട്.

പുതിയ പദ്ധതിയിലൂടെ ആ വീഴ്ചയാണ് പരിഹരിക്കുന്നതെന്ന പ്രചാരണമാണ് അവര്‍ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഭക്ഷ്യവളം സബ്‌സിഡികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, അവകൂടി വന്നാല്‍ പല ഇനങ്ങളിലായി ഒരു ബി.പി.എല്‍ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു കൊല്ലം കുറഞ്ഞത് 32,000 രൂപ ലഭിക്കുമെന്ന് കണക്കാക്കുന്നു.

കൈയില്‍ പണമെത്തിക്കുന്നതിലൂടെ വോട്ടും ഉറപ്പാക്കാമെന്ന കണക്കുകൂട്ടല്‍ പിഴയ്ക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് തുല്യമാണിതെന്ന ആരോപണം മറുപക്ഷം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിഷേധിക്കുന്നു. സര്‍ക്കാറും പാര്‍ട്ടികളും വരികയും പോവുകയും ചെയ്താലും പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യം നിലനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പദ്ധതി വിശദീകരിച്ച ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ച് നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസ് ഈ പദ്ധതിക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. സര്‍ക്കാറിന്റെ പദ്ധതി വിശദീകരിച്ചത് എ.ഐ.സി.സി ആസ്ഥാനത്താണ്. ധനമന്ത്രിയും ഗ്രാമവികസന മന്ത്രിയും ഒന്നിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചത്.

2004ല്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തിലേക്ക് നയിച്ച മുദ്രാവാക്യത്തിന് രൂപം നല്‍കിയ ജയ്‌റാം രമേഷ് തന്നെയാണ് പുതിയതിന്റെയും ശില്പി. ആദ്യഘട്ടപദ്ധതി നടപ്പാക്കുന്ന 51 ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാരുടെ യോഗം രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തതും ഇതിന്റെ രാഷ്ട്രീയ മുതലെടുപ്പിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

പദ്ധതി വിശദീകരിക്കുകയും ഇതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് രാഹുലിന്റെ ലക്ഷ്യം. ചില്ലറ വില്‍പ്പനയിലെ വിദേശനിക്ഷേപത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍, നേരത്തേ തയ്യാറായിട്ടുള്ള ചില സാമ്പത്തിക പരിഷ്‌കാരങ്ങളും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്.

Advertisement