മുംബൈ: സിനിമയിലെ സ്വജനപക്ഷപാതത്തെകുറിച്ചും താന്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുമെല്ലാമുള്ള നടി കങ്കണയുടെ വെളിപ്പെടുത്തലുകള്‍ ബോളിവുഡില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുയാണ്.

വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി പലരും രംഗത്തെത്തിക്കൊണ്ടിരിക്കുയാണ്. ചിലര്‍ കങ്കണയെ പിന്തുണയ്ക്കുമ്പോള്‍ മറ്റു ചിലര്‍ അവരെ പ്രതിരോധിക്കുയാണ്.

മുന്‍ കാമുകന്‍ ഋത്വിക് റോഷനെതിരെയായ കങ്കണയുടെ പ്രസ്താവനക്കെതിരെ ഋത്വിക്കിന്റെ മുന്‍ഭാര്യ സൂനന്ന ഖാന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത് ഗായിക സോനം മൊഹപത്രയാണ്.


Dont Miss ദുര്‍ഗാപൂജയ്ക്കും മുഹറം ആഘോഷത്തിനുമിടെ മോഹന്‍ ഭഗവതിന്റെ പരിപാടി നടത്താന്‍ ശ്രമം; ഓഡിറ്റോറിയം നിഷേധിച്ച് മമതാ സര്‍ക്കാര്‍


പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പി.ആര്‍ കളികളാണ് കങ്കണ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് സോനത്തിന്റെ പ്രതികരണം. പബ്ലിസിറ്റിക്കായി നടത്തുന്ന ഈ കളികള്‍ അങ്ങേയറ്റം മോശമാണെന്നും സോനം പറയുന്നു.

കങ്കണ, ഞാന്‍ നിങ്ങളെ കുറിച്ച് ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും സംസാരിച്ച സമയമുണ്ടായിരുന്നു. നിങ്ങള്‍ ഒരു രാജ്ഞിയാവുന്നതിന് മുന്‍പ് തന്നെ. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ പ്രണയവും സ്വകാര്യജീവിതവും ഉള്‍പ്പെടെ മറ്റുള്ളവരുടെ മുന്നില്‍ തുറന്നടിക്കുന്ന ഈ രീതിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

താങ്കളുടെ ഇപ്പോഴത്തെ പ്രവൃത്തി ഒരു പ്രൊഫഷണല്‍ പി.ആര്‍ കാമ്പയിന്‍ ആയി മാത്രമേ കാണാന്‍ കഴിയുള്ളൂ. പുതിയ ചിത്രത്തിന്റെ റിലീസിന് മുന്‍പേ നടത്തുന്ന നാണംകെട്ട കളി. താങ്കള്‍ നിയമപരമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിലുള്ള സര്‍ക്കസുകള്‍ കളിക്കുകയല്ല വേണ്ടതെന്നും സോനം പറയുന്നു.