yunieskhan

കറാച്ചി: ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ യൂനിസ് ഖാനെയും കോച്ച് ഇന്‍തിഖാബ് ആലത്തെയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. ന്യൂസിലാന്റിനോട് പരാജയപ്പെട്ട് ചാംപ്യന്‍സ്‌ട്രോഫി സെമി ഫൈനലിലാണ് പാകിസ്ഥാന്‍ ടീമിനെതിരെ ഒത്തുകളി ആരോപണമുയര്‍ന്നത്.

സെമിയില്‍ 75 റണ്‍സെടുത്തു ന്യൂസീലന്‍ഡിന്റെ എലിയട്ടിന്റെ ഒരു ക്യാച്ച് യൂനിസ് ഖാന്‍ നഷ്ടപ്പെടുത്തിയിരുന്നു. കളിയില്‍ നിര്‍ണായക വഴിത്തിരിവാകുമായിരുന്ന ക്യാച്ചായിരുന്നു അത്. പരുക്കായിരുന്നിട്ടും ന്യൂസീലന്‍ഡിനെതിരെ കളിക്കാനിറങ്ങുകയായിരുന്നുവെന്ന് പാക്ക് ക്യാപ്റ്റന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം പറഞ്ഞു.പരാജയത്തിനു പ്രധാനകാരണം സ്വന്തം പിഴവാണെന്നും എലിയറ്റിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ടീമിന്റെ തോല്‍വിക്കു കാരണമെന്നും സമ്മതിക്കുകയും ചെയ്തു.

ഇതിനിടെ കോച്ച് ഇന്‍തിഖാബിനെതിരെയും വിമര്‍ശനമുണ്ടായി. ഇങ്ങനെ കളിക്കാന്‍ പ്രത്യേക പരിശീലനമൊന്നും വേണ്ടെന്നും കോച്ചായി ഇന്‍തിഖാബിന്റെ ആവശ്യമില്ലെന്നും മുന്‍ ക്യാപ്റ്റന്‍ ആമിര്‍ സൊഹെയ്ല്‍ വ്യക്തമാക്കി. ഫീല്‍ഡിങ്ങിലും ബോളിങ്ങിലും വരുത്തിയ മാറ്റങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ക്യാപ്റ്റനു തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗ്രൗണ്ടിനു പുറത്തിരിക്കുന്ന കോച്ചും സപ്പോര്‍ട്ടിങ് സ്റ്റാഫും സഹായിക്കുകയാണു വേണ്ടതെന്നും കഴിഞ്ഞ കളിയില്‍ അതുണ്ടായില്ലെന്നുമായിരുന്നും സൊഹെയ്ല്‍ ആരോപിച്ചു. പാക്കിസ്ഥാന്‍ ടീമില്‍ പുതുമുഖങ്ങളെ പരീക്ഷിക്കേണ്ട സമയമായെന്ന് മുന്‍ ക്യാപ്റ്റന്‍ റമീസ് രാജയും അഭിപ്രായപ്പെട്ടു.