ലാഹോര്‍: മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അര്‍ഫ കരീം രന്ഥവ എന്ന പതിനാറുകാരിയെക്കുറിച്ചാണ് പറയുന്നത്.

തന്റെ ഒന്‍പതാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടര്‍ പ്രൊഫഷണല്‍ എന്ന മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടിയെടുത്തിട്ടുണ്ട് അര്‍ഫ. വിവരസാങ്കേതിക വിദ്യയിലെ വികസനത്തിലും കംപ്യൂട്ടറുമായി ബന്ധപ്പെട്ടവ കൈകാര്യം ചെയ്യുന്നതിലെ അനായസതയും പരിഗണിച്ചാണ് മൈക്രോസോഫ്റ്റ് പ്രൊഫഷണലുകളെ കണ്ടെത്താറ്.

ഇപ്പോള്‍ അര്‍ഫയ്ക്ക് 16 വയസ്സായിരിക്കുന്നു. പാകിസ്ഥാനിലെ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുകയാണ് ഈ പെണ്‍കുട്ടി. അപസ്മാര ബാധയെത്തുടര്‍ന്ന് ഹൃദയത്തിനും തലച്ചോറിനും തകരാറ് വന്നിരുന്നു. ഇതിനുശേഷം ഒരു ഹാര്‍ട്ട് അറ്റാക്കും രന്ഥവയ്ക്കുണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അര്‍ഫയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

സയന്‍സ്-ടെക്‌നോളജി രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ഫാത്തിമ ജിന്ന ഗോള്‍ഡ് മെഡല്‍ 2005 ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി അര്‍ഫയ്ക്ക് സമ്മാനിച്ചിരുന്നു. 2006ല്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ ടെക് വിദഗ്ധരുടെ സമ്മേളനത്തില്‍ കീനോട്ട് അവതരിപ്പിച്ചത് രന്ഥവ ആയിരുന്നു.

മുന്‍പ് ബില്‍ഗേറ്റ്‌സിന്റെ ക്ഷണം സ്വീകരിച്ച് വാഷിംഗ്ടണില്‍ എത്തിയ അര്‍ഫ, കുട്ടികളെ എന്തുകൊണ്ട് മൈക്രോസോഫ്റ്റില്‍ ജോലിക്കെടുക്കുന്നില്ലെന്നും മൈക്രോസോഫ്റ്റില്‍ വളരെ കുറച്ചു സ്ത്രീകള്‍ മാത്രമാണല്ലോ ജോലി ചെയ്യുന്നത് എന്നുമായിരുന്നു ബില്‍ഗേറ്റ്‌സിനോട് ചോദിച്ചിരുന്നത്.

Malayalam News
Kerala News in English