എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ ജോലി എന്റെ പെണ്ണ്’ ഇന്ത്യന്‍ യുവത്വത്തിന്റെ മുദ്രാവാക്യം: ചേതന്‍ ഭഗത്
എഡിറ്റര്‍
Tuesday 7th August 2012 12:53pm

ന്യൂദല്‍ഹി: യുവാക്കളുടെ ഹരമായി മാറിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത് ഇന്ത്യന്‍ യുവത്വത്തെ വിമര്‍ശിച്ച് രംഗത്ത്. ‘ എന്റെ ജോലി, എന്റെ പെണ്ണ് എന്നതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ മുദ്രാവാക്യമെന്നാണ് ചേതന്‍ ഭഗത് പറയുന്നത്. ഐ.എന്‍.എ.എസിന് നല്‍കിയ അഭിമുഖത്തിലാണ് ഭഗത് ഇങ്ങനെ പറഞ്ഞത്.

Ads By Google

‘ എന്റെ ജോലി, എന്റെ പെണ്ണ്- യുവ ഇന്ത്യയുടെ ആവശ്യം ഇത് മാത്രമാണ്. അവര്‍ക്ക് പ്രണയം വേണം. പണം വേണം. അവര്‍ക്ക് സമൂഹത്തില്‍ സ്ഥാനം വേണം. ‘ ചേതന്‍ ഭഗത് പറയുന്നു.

‘നല്ല ജീവിതവും സുന്ദരിയായ കാമുകിയുമാണ് അവര്‍ക്ക് വേണ്ടത്. അവര്‍ക്ക് നല്ലൊര് ജീവിതം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അവര്‍ നിങ്ങളുടെ കൂടെയുണ്ടാവും. അതാണ് യുവ ഇന്ത്യ. ‘ അദ്ദേഹം പറഞ്ഞു.

ഇന്ത്യയൊരു കാര്‍ഷിക രാജ്യമായിട്ട് കൂടി അവിടെ കൃഷിക്ക് ആവശ്യമായ സൗകര്യങ്ങളില്ല. നമ്മുടെ കൃഷിയുടെ മൂന്നിലൊന്നും മഴയെ ആശ്രയിച്ചുള്ളതാണ്. എന്നാല്‍ വികസിത രാജ്യങ്ങള്‍ മഴയെ അധികമൊന്നും ആശ്രയിക്കാറില്ല. മറ്റ് ജലസേചന സൗകര്യങ്ങളില്ലാത്തതിനാല്‍ തന്നെ ഇന്ത്യന്‍ കര്‍ഷകര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നെന്ന് ഭഗത് ചൂണ്ടിക്കാട്ടി.

സാമ്പത്തിക മേഖലയിലെ തെറ്റായ പ്രവണതകളാണ് നാണയപ്പെരുപ്പത്തിന് കാരണം. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുകയാണ്. കോളേജുകളില്‍ നിന്നും പുറത്തിറങ്ങുന്ന ബിരുദധാരികള്‍ ജോലിയില്ലാതെ അലയുന്ന സ്ഥിതിയിലേക്ക് നാം വീണ്ടും എത്തിച്ചേര്‍ന്നിരിക്കുകയാണ്.

സര്‍ക്കാരില്‍ തീരുമാനമെടുക്കാന്‍ ആരുമില്ല. നമ്മള്‍ വിഭജിക്കപ്പെട്ട ജനതയാണ്. ആ വിഭജനം നിലനില്‍ക്കുന്നിടത്തോളം കാലം ഇവിടെ കൂട്ടികക്ഷി രാഷ്ട്രീയം നിലനില്‍ക്കും. രാജ്യം എന്നതിനേക്കാള്‍ ആളുകള്‍ പ്രാധാന്യം നല്‍കുന്ന സമുദായത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

2014ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിഷയം അഴിമതിയായിരിക്കുമെന്നും ഭഗത് പ്രവചിച്ചു. അഴിമതിവിരുദ്ധ ലോബി അത് നമ്മുടെ ശരീരത്തില്‍ കുത്തിക്കയറ്റിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈവ് പോയിന്റ് സംവണ്‍, വണ്‍ നൈറ്റ് അറ്റ് കോള്‍ സെന്റര്‍, ടു സ്‌റ്റേറ്റസ് തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ നോവലുകളിലൂടെ യുവാക്കളെ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ് ചേതന്‍ ഭഗത്. സാമൂഹ്യ പ്രശ്‌നങ്ങള്‍, രാഷ്ട്രീയം, സാമ്പത്തികം, യുവത്വം തുടങ്ങിയ വിഷയങ്ങളാണ് ഭഗത് തന്റെ രചനകളില്‍ കൈകാര്യം ചെയ്യാറുള്ളത്.

Advertisement