Categories

ഖാദിയെ പ്രണയിച്ച് ഫാഷന്‍ ലോകം

അടുത്തകാലം വരെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും സ്വാതന്ത്ര്യസമര സേനാനികളും മാത്രമായിരുന്നു ഖാദിയുടെയും ഖദറിന്റെയും ഉപഭോക്താക്കള്‍. ആഴ്ചയിലൊരിക്കലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഖാദി തുണിത്തരങ്ങള്‍ ധരിക്കണമെന്ന്‌വരെ സര്‍ക്കാറിന് ഉത്തരവ് ഇറക്കേണ്ടിവന്നിരുന്നു. എന്നാലിപ്പോള്‍ കഥ മാറി. വമ്പന്‍ മത്സരങ്ങള്‍ നടക്കുന്ന ടെക്‌സറ്റയില്‍ മേഖലിയില്‍ നഷ്ടം നേരിടാത്ത ഉത്പന്നമായി ഖാദി തുണിത്തരങ്ങള്‍ മാറിയിരിക്കുന്നു!

എടുത്തു പറയേണ്ടത് ഖാദിയോട് യുവതക്കുണ്ടായിരിക്കുന്ന അഭിനിവേശമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഖാദി ഉത്പന്നങ്ങളോട് യുവാക്കള്‍ക്കുള്ള പ്രിയം കൂടുകയാണന്ന് രാജ്യത്തുടനീളമുള്ള ടെക്‌സ്റ്റിയില്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. സില്‍ക് ഖാദിയുടെ വരവോടെയാണ് ആധുനിക യുവത ഖാദി തേടി വരാന്‍ തുടങ്ങിയത്. ആദ്യം വെളുത്ത വെള്ള നിറത്തില്‍ മാത്രമാണ് ഖാദി ഉണ്ടായിരുന്നത്. പിന്നീട് ചാരനിറത്തില്‍ (Gray colour) ലഭ്യമാകാന്‍ തുടങ്ങി. ഇപ്പോള്‍ ആകര്‍ഷകമായ നിറങ്ങളിലും കോമ്പിനേഷനുകളിലും ഖാദി ലഭ്യമാകുന്നു.

ഖാദി തുണികളില്‍ നിറങ്ങളിലും ഡിസൈനുകളിലും വലിയ മാറ്റമാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും സില്‍ക്ക് ഖാദി, കോട്ടണ്‍ ഖാദി, ഫാന്‍സി ഖാദി, സരി ഡിസൈനുകളോട് കൂടിയ ഖാദി (zari designs) എന്നിവയാണ് പുരുഷന്‍മാരെയും സ്ത്രീകളെയും ഒരുപോലെ ആകര്‍ഷിക്കുന്നത്. ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ മാറ്റത്തോടെ ഖാദി പ്രത്യക്ഷപ്പെടുമ്പോള്‍ റെഡിമെയ്ഡ് ഖാദികളിലും യുവാക്കള്‍ ആകൃഷ്ടരാകാന്‍ തുടങ്ങിയിട്ടുണ്ട്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഖാദിയാണ് താരം.

ഗാന്ധിയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന തനിമയാര്‍ന്ന ഖാദി ഇപ്പോള്‍ ഫാഷനല്ലെങ്കിലും വിപണിയില്‍ ഇപ്പോഴും സുലഭമാണ്. പഴയ ഖാദിയോട് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം വിദേശികള്‍ക്കാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് ഖാദിക്ക്. അഹിംസാ പ്രസ്ഥാനത്തിന്റെ പ്രതീകമായിരുന്ന ചര്‍ക്കയിലാണ് ഖാദി പണ്ട് നെയ്‌തെടുത്തത്. സ്വാതന്ത്ര്യ സമരകാലത്ത് വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖാദി വരുന്നത്. സ്വയം പ്രാപ്തരാക്കുക എന്നായിരുന്നു ഖാദി ഉത്പാദനത്തിലൂടെ ഗാന്ധിജി ലക്ഷ്യമിട്ടത്. ഗാന്ധി ജയന്തി ദിനത്തില്‍ മാത്രമായിരുന്നു പണ്ട് ഖാദി ഷോപ്പുകളിള്‍ ആളുകള്‍ നിറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ എല്ലാ സീസണിലും ഖാദിക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് ഖാദി കടകള്‍ നടത്തുന്നവര്‍ പറയുന്നു.

സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകള്‍ക്കും ഖാദി പ്രിയമാണ്. അതിന്റെ പ്രധാന കാരണം ഖാദി ഉത്പന്നങ്ങളുടെ വില തന്നെയാണ്. 40 രൂപ മുതല്‍ 700 രൂപവരെ മീറ്ററിന് വിലയുള്ള ഖാദി വിപണിയില്‍ ലഭിക്കും.

ഖാദിക്കുണ്ടായിരുന്ന മുഖം മാറിയിരിക്കുന്നു. പക്ഷേ, രാജ്യത്തിന്റെ സ്വന്തം ഉത്പന്നം വളരുക തന്നെയാണ്. വ്യത്യസ്ത ട്രെന്‍ഡുകളോടെ ഖാദി വിപണിയില്‍ നിറയുകയാണ്. പാരമ്പര്യത്തിന്റെ മുദ്രയുള്ള സുരക്ഷിതമായ ബിസിനസ്സായി ഖാദി വിപണനത്തിലേക്ക് പുതിയ ആളുകളും കടന്നു വരാന്‍ തുടങ്ങിയിരിക്കുന്നു.

One Response to “ഖാദിയെ പ്രണയിച്ച് ഫാഷന്‍ ലോകം”

  1. vinesh

    ethrayow varshamaayi fabindia ee kachavadam vijayakaramaayi nadathi kondupokunnu

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.