എഡിറ്റര്‍
എഡിറ്റര്‍
അധികാരകേന്ദ്രീകരണം അവസാനിക്കണം; ഇനി വേണ്ടത് മാറ്റം: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Monday 21st January 2013 9:29am

ജയ്പൂര്‍: അധികാരം മുകള്‍തട്ടിലുള്ളവരില്‍ മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥ അവസാനിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അങ്ങനെ വരുമ്പോള്‍ മാത്രമേ രാഷ്ട്രീയമണ്ഡലത്തിലേക്ക് വരാന്‍ യുവാക്കളും സാധാരണക്കാരും താത്പര്യം പ്രകടപ്പിക്കുകയുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.

Ads By Google

അധികാരം കേന്ദ്രീകരിക്കേണ്ടത് ദല്‍ഹിയിലല്ല മറിച്ച് പഞ്ചായത്തുകളിലാണ്. നേതാക്കളെ വളര്‍ത്തിയെടുക്കേണ്ടത് താഴേത്തട്ടുമുതലാണ്.

താഴെത്തട്ടിലുള്ളവരെ ശാക്തീകരിക്കാന്‍ ഇതുവരെ നമുക്കായിട്ടില്ല. തങ്ങള്‍ ഈ സംവിധാനത്തിന് പുറത്താണെന്ന് അവര്‍ കരുതുന്നു. പദവിയില്ലെങ്കില്‍ ഒന്നുമല്ല എന്നാതാണവസ്ഥ.

കോണ്‍ഗ്രസില്‍ ഗ്രാമം മുതല്‍ തലസ്ഥാനം വരെ ഭരിച്ചുകൊണ്ടുപോകാന്‍ കഴിവുള്ള നേതാക്കളെ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

അക്ഷമ പ്രകടിപ്പിക്കുന്ന ‘യുവ ഇന്ത്യ’ ആവശ്യപ്പെടുന്നത് മാറ്റമാണ്. മാറ്റമുണ്ടായേ കഴിയൂ. എന്നാല്‍ അതു തിടുക്കപ്പെട്ടാവരുത്, വേണ്ടത്ര ശ്രദ്ധിച്ചും പഠിച്ചുമാവണം- പുതിയ പദവി ഏറ്റെടുത്ത ശേഷം എ.ഐ.സി.സി. സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.

പദവിയെ മാത്രം കണ്ടാണ് പലരും രാഷ്ട്രീയത്തില്‍ വരുന്നത്. സാധാരണക്കാരും യുവാക്കളും രോഷാകുലരാകുന്നത്. അവരുടെ വികാരങ്ങള്‍ അവഗണിക്കപ്പെടുന്നു. രാഷ്ടീയത്തിലും വിദ്യാഭ്യാസത്തിലും നീതിന്യായഭരണ സംവിധാനങ്ങളിലുമെല്ലാം ഇത് തന്നെയാണ് സ്ഥിതി. അറിവുള്ളവരെ തള്ളിമാറ്റി അല്പജ്ഞാനികള്‍ ചര്‍ച്ചകളില്‍ അരങ്ങ് തകര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അഴിമതി തുടച്ചുനീക്കണമെന്ന് അഴിമതിക്കാര്‍തന്നെ ആവശ്യപ്പെടുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അവരെ ബഹുമാനിക്കാത്തവര്‍ വാദിക്കുന്നു. ഇത് പരിഹാസ്യമാണെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അത്തരക്കാരാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

തന്റെ ജീവിതം പാര്‍ട്ടിക്കായി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. പ്രവര്‍ത്തകര്‍ സ്വന്തം താത്പര്യത്തേക്കാള്‍ പാര്‍ട്ടി താത്പര്യങ്ങളെ പരിഗണിക്കണം. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആദ്യം ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലുമായി 40 മിനിറ്റാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. സുപ്രധാനമായ പദവിയിലേക്ക് തന്നെ നിയോഗിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പാര്‍ട്ടിക്കും രാജ്യത്തിനുമായി താന്‍ പോരാടുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു.

Advertisement