എഡിറ്റര്‍
എഡിറ്റര്‍
കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല!!
എഡിറ്റര്‍
Sunday 6th May 2012 7:20pm

T P Chandrasekharanസൂചിമുന/തുന്നല്‍ക്കാരന്‍

ഒന്ന്

കമ്മ്യൂണിസ്റ്റ് മുഖത്തെ വെട്ടിനുറുക്കി കൊല്ലുന്നവര്‍ മറക്കുന്ന ഒരു കാര്യമുണ്ട് സഖാവിന്റെ മുഖത്തെ തകര്‍ക്കുമ്പോള്‍ ആ മുഖം ഏറ്റവും തേജസ്സാര്‍ന്ന് ഉജ്ജ്വലകാന്തിയോടെ തിളയ്ക്കുന്ന വിപ്ലവ വീര്യത്തോടെ നിലനില്‍ക്കുമെന്ന്. സഹസഖാക്കള്‍ക്കും മക്കള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും അവസാന ചുംബനം നല്‍കാന്‍ ഞങ്ങള്‍ സഖാവിന്റെ കവിളുകളോ ചുണ്ടുകളോ നല്‍കില്ലെന്ന് പറഞ്ഞ് വാളുകള്‍ ആഴ്ത്തുന്നവര്‍ അറിയുന്നില്ല സഖാവിന്റെ ഹൃദയത്തിലുമ്മവെച്ചവരാണവരെന്ന്. സ്‌നേഹത്തിലേക്കാഴ്ത്താന്‍ കഴിയുന്ന കത്തിമുനകള്‍ നിങ്ങളുടെ അറവുശാലയില്‍ ഇനിയും നിങ്ങള്‍ക്ക് രാകിമിനുക്കാനും കഴിഞ്ഞിട്ടില്ല.

Ads By Google

കമ്മ്യൂണിസ്റ്റുകള്‍ കൊല്ലുമ്പോള്‍ പോലും മാന്യതയുടെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കുന്നവരാണു. ഒരു കമ്മ്യൂണിസ്റ്റിനു ഒരാളോടും വ്യക്തിവൈരാഗ്യം ഉണ്ടാവാറില്ല. മഹത്തായൊരു ലോകനിര്‍മ്മിതിക്കാണു അയാളുടെ ഓരോ പ്രവര്‍ത്തനവും. വര്‍ഗ്ഗശത്രുക്കളോടുപോലും അയാള്‍ ഉപയോഗിക്കുന്ന ഭാഷ മോശപ്പെട്ടതാവില്ല.

രണ്ട്

കുലം കുത്തികളെന്ന് വിളിച്ച് ഒരു ഗ്രാമത്തെമുഴുവന്‍ അവഹേളിച്ചവര്‍ ഉപയോഗിച്ച ഭാഷ തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു.

എന്തായിരുന്നു ആ ഗ്രാമം പാര്‍ട്ടിയോട് ചെയ്യ്തത്..? എന്ത് മുദ്രാവാക്യമായിരുന്നു ആവര്‍ ഉയര്‍ത്തിയിരുന്നത് ? അതില്‍ എവിടെയാണു കമ്മ്യൂണിസ്റ്റ് വിരുദ്ധത ഉണ്ടായിരുന്നത് ?
തികഞ്ഞ മാനവിക പക്ഷത്തും കമ്മ്യൂണിസ്റ്റ് പക്ഷത്തും നിന്ന് സത്യസന്ധമായി അവര്‍ പലതും പാര്‍ട്ടിയെ ബോധ്യപ്പെടുത്തുകയായിരുന്നു. പാര്‍ട്ടിയുടെ അപചയത്തെ തുറന്നു കാണിക്കുകയായിരുന്നു. അവരുടെ മുന്‍കാല നേതാക്കള്‍ ചൂണ്ടിക്കാട്ടിയ കമ്മ്യൂണിസ്റ്റ് വഴികളുടെ നേരില്‍ നിന്നാണവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പാര്‍ട്ടി എന്നാല്‍ അടിസ്ഥാനവര്‍ഗ്ഗത്തിനൊപ്പമായിരിക്കണമെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.

ഒരു ഗ്രാമം ഒന്നാകെ കെട്ടിപ്പിടിച്ചു നിന്ന് അവര്‍ ഉയര്‍ത്തിയ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യത്തിനായി ബലിയാടുകളാവുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ഫാസിസ്റ്റ് നയങ്ങളുടെ ബലിയാടുകള്‍. ഇവരെ കുരുതി നല്‍കി പാര്‍ട്ടിയെ മുതലാളിത്ത നയങ്ങളിലേക്ക് കൊണ്ടുപോകാമെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണു.

മൂന്ന്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായ് ഒരിക്കല്‍ ഒരു ഗ്രാമം രക്തസാക്ഷികളെ നല്‍കി. ഇന്ന് പാര്‍ട്ടി അപചയത്തിലേക്കു നീങ്ങുമ്പോള്‍ അതിനെ രക്ഷിക്കാനായും കമ്മ്യൂണിസ്റ്റാശയങ്ങളെ തിരികെ കൊണ്ടുവരാനായും രക്തസാക്ഷിത്വം വരിക്കുന്ന ഈ ഗ്രാമത്തിലെ വീര്യത്തെ നശ്ശിപ്പിക്കാന്‍ ഒരു കൊലയാളികള്‍ക്കും സാധ്യമാവില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായ് ഒരിക്കല്‍ ഒരു ഗ്രാമം രക്തസാക്ഷികളെ നല്‍കി. ഇന്ന് പാര്‍ട്ടി അപചയത്തിലേക്കു നീങ്ങുമ്പോള്‍ അതിനെ രക്ഷിക്കാനായും കമ്മ്യൂണിസ്റ്റാശയങ്ങളെ തിരികെ കൊണ്ടുവരാനായും രക്തസാക്ഷിത്വം വരിക്കുന്ന ഈ ഗ്രാമത്തിലെ വീര്യത്തെ നശ്ശിപ്പിക്കാന്‍ ഒരു കൊലയാളികള്‍ക്കും സാധ്യമാവില്ല.
പ്രിയപ്പെട്ട സഖാവ് രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അതാണു സഖാവിന്റെ പ്രിയ കൂട്ടുകാരി പറഞ്ഞത്…

‘സഖാവിനെ കൊല്ലാം പക്ഷേ, തോല്പിക്കാനാവില്ല!’
ഈ വാക്കുകള്‍ കൊലയാളികള്‍ക്കുള്ള മറുപടിയാണു. മറഞ്ഞിരുന്നും ചതിച്ചും കൊല്ലുന്നവന്റെ മുഖത്തിനുള്ള അടിയാണു. ആ അടിയില്‍ തകര്‍ന്നുപോകുന്നവനു പിന്നീട് മുഖമുണ്ടാവില്ലെന്ന് തിരിച്ചറിയുക..!

മുറിക്കഷ്ണം

ആരാണു കൊല ചെയ്യ്തതെന്ന് അജ്ഞാതമായിരിക്കുന്നിടത്തോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല. ഒന്നിച്ചുണ്ടും ഒരുമിച്ച് മുദ്രാവാക്യം വിളിച്ചും മുന്നേറിയവര്‍….. പാര്‍ട്ടിയുടെ സഖാക്കള്‍ ഈ നീതികേടിനെ ചോദ്യം ചെയ്യും. പാര്‍ട്ടിയ്ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവര്‍ തിളയ്ക്കുന്ന ഹൃദയത്തില്‍ കൈ വിരല്‍ മുക്കി അതിന്റെ നെറ്റിയില്‍ എഴുതും…
ഞങ്ങള്‍ നിങ്ങളോട് കൂട്ടില്ല..!

സൂചിമുന

ലാല്‍ സലാം പ്രിയ സഖാവേ….

Advertisement