കൊച്ചി: ചലച്ചിത്ര നടി ജ്യോതിര്‍മയിയുടെ വിവാഹ മോചനക്കേസില്‍ എറണാകുളം കുടുംബക്കോടതി നാളെ വിധി പറയും. കഴിഞ്ഞ മാര്‍ച്ചിലാണ് ജ്യോതിര്‍മയി വിവാഹം വേര്‍പ്പെടുത്തുന്നത് സംബന്ധിച്ച പരാതി കോടതിയില്‍ നല്‍കിയത്.

ഇന്നലെ കോടതിയില്‍ ഹാജരായ ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാദ്കുമാറും തങ്ങള്‍ പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കി. വിവാഹ മോചനത്തിന് കോടതി അനുമതി നല്‍കിയാല്‍ ഐ.ടി കമ്പനി ഉദ്യോഗസ്ഥനായ നിഷാന്തുമായുള്ള എട്ടുവര്‍ഷത്തെ ദാമ്പത്യബന്ധത്തിനാകും അതോടെ അന്ത്യമാകുക.

കോടതി നിയോഗിച്ചിട്ടുള്ള അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇരുവരും കൗണ്‍സലിങ്ങിന് വിധേയരായെങ്കിലും ഒരുമിച്ച് ജീവിക്കാനാവില്ലെന്ന് ഇരുവരും അറിയിച്ചതോടെയാണ് വിധി പറയാന്‍ ഹര്‍ജി ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റിയത്.

2003ലാണ് ബാല്ല്യകാല സുഹൃത്തായ നിഷാന്തിനെ ജ്യോതിര്‍മയി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ബന്ധത്തില്‍ കല്ലുകടി ഉണ്ടായിരുന്നതായി അവരോട് അടുത്ത വൃത്തങ്ങള്‍ മുന്‍പ് പറഞ്ഞിരുന്നു.