ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ നിയമസഭാ കൗണ്‍സിലിലൂടെ മത്സരിച്ച് അധികാരം നിലനിര്‍ത്താന്‍ യോഗി ആദിത്യനാഥിന്റെ ശ്രമം. ഗോരഖ്പൂര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തെത്തുടര്‍ന്ന് പ്രതിരോധത്തിലായ യോഗി തെരഞ്ഞെടുപ്പ് നേരിട്ടാല്‍ തോല്‍ക്കുമെന്ന ഭയത്തിലാണ് എളുപ്പ വഴിയിലൂടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിയമസഭ കൗണ്‍സില്‍ സംവിധാനമുള്ളതിനാല്‍ ഇതില്‍ തെരഞ്ഞെടുത്താല്‍ അധികാരത്തില്‍ തുടരാവുന്നതാണ്. നോമിനേഷനിലൂടെ കൗണ്‍സില്‍ അംഗമായാല്‍ മതി. ജനങ്ങളുടെ വോട്ടിന്റെ ആവശ്യമില്ല. നിയമസഭയിലെ ഭൂരിപക്ഷം വെച്ച് ബി.ജെ.പിയക്ക് ഇത് നിഷ്പ്രയാസം സാധിക്കും.


Also Read: ആദ്യം മനസിലാക്കേണ്ടത് അവര്‍ക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്; ആള്‍ ദൈവങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി ഗോപീനാഥ് മുതുകാടിന്റെ വീഡിയോ


എംഎല്‍എ ആകാത്തവര്‍ അധികാരത്തിലെത്തി 6 മാസത്തിനകം തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് ചട്ടം. നിലവില്‍ എം.പിയാണ് യോഗി ആദിത്യനാഥ്. ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ നിയമസഭ കൗണ്‍സിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് ജയിക്കുകയോ വേണം.

സമാജ്വാദി പാര്‍ട്ടി മുഖ്യമന്ത്രിയായ അഖിലേഷ് യാദവും ബിഎസ്പിയുടെ മായാവതിയും നിയമസഭയ്ക്ക് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായാണ് അധികാരത്തില്‍ തുടര്‍ന്നിരുന്നത്.

ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്തംബര്‍ 5 ആണ്. 15ന് ആണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.