എഡിറ്റര്‍
എഡിറ്റര്‍
ചീത്ത’പ്പേര്’ മാറ്റി യോഗി ആദിത്യനാഥ്; യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡ് ഇനി മുതല്‍ നാരി സുരക്ഷ ബല്‍ എന്നറിയപ്പെടും
എഡിറ്റര്‍
Friday 19th May 2017 9:43pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ഔദ്യോഗിക സദാചാര പൊലീസാ’യ ആന്റി റോമിയോ സ്‌ക്വാഡിന്റ് പേര് മാറ്റി. സഹോദരിയും സഹോദരനും ഒന്നിച്ച് നടന്നാല്‍ പോലും സദാചാരദൃഷ്ടിയോടെ നോക്കിക്കാണുന്ന സേന ഇനിമുതല്‍ ‘നാരി സുരക്ഷ ബല്‍’ എന്നാണ് അറിയപ്പെടുക.

ആന്റി റോമിയോ സ്‌ക്വാഡിന്റെ അഴിഞ്ഞാട്ടം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ ഒടുവില്‍ പ്രതികരിക്കാന്‍ ആരംഭിച്ചതോടെയാണ് സേനയുടെ ചീത്ത’പ്പേര്’ മാറ്റാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചത്. പെണ്‍മക്കളേയും സഹോദരിമാരേയും സുരക്ഷിതരാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും ഇനി മുതല്‍ ആന്റി റോമിയോ സ്‌ക്വാഡ്, നാരി സുരക്ഷ ബല്‍ എന്ന് അറിയപ്പെടുമെന്നും യു.പി മന്ത്രിസഭയിലെ അംഗമായ രാജേന്ദ്ര പ്രതാപ് മോഡി സിംഗ് പറഞ്ഞു.


Also Read: ‘ഹിന്ദുമതത്തിലേക്ക് മാറും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും’; പൊലീസ് സ്റ്റേഷനില്‍ വെച്ച് മുത്തലാഖ് ഇരയായ യുവതി


എന്നാല്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കിയെങ്കിലും പേര് മാറ്റാനുള്ള കാരണം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ഇത് കൂടാതെ നാരി ബലിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനമുണ്ട്. സേനയിലുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും തീരുമാനമുണ്ട്.

പെണ്‍സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മൊട്ടയടിച്ച് വിടുക, ഏത്തമിടീക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ പ്രാകൃതരീതികളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സേനയാണ് ആന്റി റോമിംഗ് സ്‌ക്വാഡ്. സമൂഹമാധ്യമങ്ങളിലും സ്‌ക്വാഡിനെതിരെ വന്‍പ്രതിഷേധമുയര്‍ന്നിരുന്നു.

Advertisement