ലക്‌നൗ: യു.പി നിയമസഭയിലെ ബെഞ്ചുകളിലൊന്നില്‍ സ്‌ഫോടകവസ്തു. പെന്റാഎറിത്രിടോള്‍ ടെട്രിനൈട്രേറ്റ് എന്ന സ്‌ഫോടക വസ്തുവാണ് നിയമസഭയില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് നിയമസഭയിലെ ബെഞ്ചുകളിലൊന്നില്‍ വെള്ളനിറത്തിലുളള ഒരു പൊടി കണ്ടെത്തിയത്. 60ഗ്രാമോളം വരുന്ന പൊടിയാണ് കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സ്‌ഫോടകവസ്തുവാണെന്ന് സ്ഥിരീകരിച്ചത്.


Must Read: കോഴിക്കോട് സ്‌കൂള്‍വളപ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു


സംഭവത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനു പിന്നില്‍ ആരായിരുന്നാലും ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

‘ വികസന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യേണ്ട നിയമസഭയില്‍ സ്വന്തം സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സ്ഥിതി വന്നിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

അതിനിടെ നിയമസഭയില്‍ ഇനി മുതല്‍ എം.എല്‍.എമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സുരക്ഷയുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം.

‘ നടപടി ക്രമങ്ങള്‍ക്കിടെയുണ്ടാവുന്ന മൊബൈല്‍ ഫോണുകളുടെ ശബ്ദം ചര്‍ച്ചകള്‍ തടസപ്പെടുത്താറുണ്ട്. എം.എല്‍.എമാര്‍ക്ക് നോട്ടുപുസ്തകങ്ങളും മറ്റും നല്‍കും. ബേഗുകളും മൊബൈല്‍ ഫോണുകളും പുറത്തുവെയ്ക്കാന്‍ സൗകര്യമുണ്ടാകും.’ അദ്ദേഹം പറഞ്ഞു.