എഡിറ്റര്‍
എഡിറ്റര്‍
‘യോഗി ആദിത്യനാഥെന്ന മുഖ്യമന്ത്രിയെ വേട്ടയാടി യോഗി ആദിത്യനാഥെന്ന എം.പിയുടെ ചോദ്യങ്ങള്‍’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ യോഗി മറുപടി പറയേണ്ടത് സ്വന്തം ചോദ്യങ്ങളോടു തന്നെ
എഡിറ്റര്‍
Tuesday 15th August 2017 7:24pm


ലക്നൗ: ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡികല്‍ കോളേജില്‍ നടന്ന ശിശുമരണം രാജ്യത്തെ തന്നെ ദു:ഖത്തിലാക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യദിനമായ ഇന്നും മനസാക്ഷിയെ ആ മരണങ്ങള്‍ വേദനിപ്പിക്കുന്നുണ്ട്. മരണത്തിന്റെ പഴി ആശുപത്രിയ്ക്കും വേണ്ട സമയത്ത് ഇടപെട്ട കാഫീല്‍ ഖാന്‍ എന്ന ഡോക്ടറിനും മേല്‍ കെട്ടിവെക്കാനാണ് യു.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷെ ചരിത്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പലതും ഓര്‍മ്മപ്പെടുത്തും. യോഗി ആദിത്യനാഥ് എന്ന എംപിയുടെ ചോദ്യങ്ങള്‍ തന്നെയാവും യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയെ ഏറെ കുഴയ്ക്കുക.

2003-2014 കാലഘട്ടത്തില്‍ എം.പിയായിരിക്കെ ലോക്‌സഭയില്‍ മസ്തിഷ്‌കമരണങ്ങളെക്കുറിച്ച് യോഗി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചോദ്യോത്തരവേളകളിലായി ഇരുപത് തവണയാണ് യോഗി ആദിത്യനാഥ് മസ്തിഷ്‌ക മരണത്തെകുറിച്ച് രംഗത്തെത്തിയത്. അതില്‍ പലതും അറുപതു കുട്ടികളുടെ മരണത്തില്‍ കലാശിച്ച അതെ കാര്യങ്ങളെക്കുറിച്ച് തന്നെയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റി്‌പ്പോര്‍ട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് എട്ടു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പന്ത്രണ്ടോളം തവണയാണ് ഇതേ വിഷയത്തിലുള്ള ചര്‍ച്ചകളില്‍ യോഗിയുടെ പേര് പ്രതിപാദിച്ചിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കൊളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, എ.ഐ.ഐ.എംഎസിന്റെ ആവശ്യം, കൃത്യസമയത്തുള്ള കുത്തിവെപ്പ്, പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരാജയം തുടങ്ങിയ കാര്യങ്ങളെ കുറിച്ചായിരുന്നു യോഗി സഭയില്‍ ചോദ്യങ്ങളുന്നയിച്ചത്.

2003ല്‍ എന്‍സഫലൈറ്റുകളെക്കുറിച്ച് ആദ്യമായി സംസാരിച്ച യോഗി ആദിത്യനാഥ്. കിഴക്കന്‍ ഉത്തര്‍പ്രദേശിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും സംഭവിച്ചിട്ടുള്ളതായ മസ്തിഷ്‌ക മരണങ്ങളെ കുറിച്ചും ചര്‍ച്ച മുന്നോട്ട് വച്ചിരുന്നു. 2004ല്‍ മസ്തിഷ്‌കമരണങ്ങള്‍ പാരലമെന്റില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും പടരുന്ന രോഗത്തെപ്പറ്റിയുള്ള ചര്‍ച്ച തുടങ്ങി വച്ചതു പോലും യോഗി ആദിത്യനാഥ് ആയിരുന്നു.

2004ല്‍ ജപ്പാനീസ് മസ്തിഷ്‌കമരണം കാരണം രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 367 പേര്‍ മരിച്ചപ്പോള്‍ അതില്‍ 228 മരണങ്ങള്‍ ഉത്തര്‍പ്രദേശിലായിരുന്നു സംഭവിച്ചത്. 2005ല്‍ രാജ്യത്ത് മസ്തിഷ്‌കമരണം സംഭവിച്ചത് 1,682 പേര്‍ക്കാണ്. ഇതില്‍ 1,500 മരണങ്ങള്‍ ഉത്തര്‍പ്രദേശിലായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

2005ല്‍ സഭയില്‍ അന്നത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആന്‍പുമണി രാംദാസിനൊപ്പം മസ്തിഷ്‌കമരണത്തെ തടയുന്നതിനെപ്പറ്റി യോഗി ആദിത്യനാഥും സംസാരിച്ചിരുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ മാത്രമായി 2005ല്‍ 937, 2006ല്‍ 431 ; 2007ല്‍ 516 ; 2008ല്‍ 410 ; 2009 ജൂലൈ വരെ മാത്രം 98 ആണ് മസ്തിഷ്‌ക മരണങ്ങള്‍ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Also Read:  ‘കാവിക്കൊടിയ്ക്കു മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വരുമെന്നായിരുന്നു സ്വാതന്ത്ര്യദിനത്തില്‍ ഗോല്‍വാള്‍ക്കറിന്റെ മുന്നറിയിപ്പ്’; മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയത് സംഘര്‍ഷം സൃഷ്ടിക്കാനെന്ന് തോമസ് ഐസക്ക്


അന്ന് സംസ്ഥാന സര്‍ക്കാരിനെയായിരുന്നു യോഗി പഴിച്ചതു മുഴുവനും. കേന്ദ്രത്തിന്റെ പണം കിട്ടുന്നുണ്ടെങ്കിലും അതൊന്നും വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നായിരുന്നു യോഗി പറഞ്ഞത്. ഇന്ന് ആശുപത്രിയെ പഴിക്കുന്ന യോഗി അന്ന് ആശുപത്രിയെ കുറിച്ച് പറഞ്ഞത് കിഴക്കന്‍ ഉത്തര്‍പ്രദേശും ബിഹാറും നേപ്പാളിന്റെ ഒരു വലിയ ഭാഗവുമടങ്ങുന്ന ആരോഗ്യസംരക്ഷണം ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിനു താങ്ങാവുന്നതിലും വലിയ ഭാരമാണെന്നായിരുന്നു.

2011ഡിസംബറിലും നവംബര്‍ 2013ലും നടത്തിയ പ്രസംഗങ്ങളില്‍ 2009ല്‍ 784 മരണങ്ങള്‍ നടന്നയിടത്ത്; 2010ല്‍ അത് 514 ആയെന്നും നവംബര്‍ 2011ആവുമ്പോഴേക്ക് അത് 618 ആയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അവസാനമായി മസ്തിഷ്‌കമരണത്തില്‍ ചര്‍ച്ച ആവശ്യപ്പെടുന്നത് ഡിസംബര്‍ 2014ലാണ്. അന്ന് അദ്ദേഹം ഈ വിഷയത്തില്‍ കേന്ദ്രആരോഗ്യ മന്ത്രി ജെ.പി നഡയുടെ ശ്രദ്ധക്ഷണിക്കുകയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കുന്നു.

2004 മുതല്‍ 2017വരെയുള്ള കാലഘട്ടത്തില്‍  രാജ്യത്ത് സംഭവിച്ചത് 15,315 മസ്തിഷ്‌കമരണങ്ങളാണ്. ഇതില്‍ 54 ശതമാനം, 8,267 മരണങ്ങള്‍, ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമാണ് എന്നാണ് കണക്കുകള്‍.

താന്‍ എം.പിയായിരുന്ന കാലത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും പ്രസംഗിക്കുകയും ചെയ്ത അതേ വിഷയത്തില്‍ യോഗി ആദിത്യനാഥ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നത് വ്യക്തമായിരിക്കുകയാണ്. മാപ്പര്‍ഹിക്കാത്ത തെറ്റു തന്നെയാണ് മുഖ്യമന്ത്രിയായ യോഗി ചെയ്തിരിക്കുന്നത്. പറഞ്ഞതെല്ലാം വിഴുങ്ങിയിരിക്കുന്നു അദ്ദേഹം.

കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്

Advertisement