എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥ്, താങ്കള്‍ നിസ്‌കരിക്കാന്‍ തയ്യാറുണ്ടോ ;ചോദ്യവുമായി അസംഖാന്‍
എഡിറ്റര്‍
Saturday 1st April 2017 11:15am

ലക്‌നൗ: യോഗയും മുസ് ലീങ്ങളുടെ പ്രാര്‍ത്ഥനയായ നിസ്‌കാരവും ഒന്നാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍.

ഇസ്ലാമിക പ്രാര്‍ഥനയായ നമസ്‌കാരം നിര്‍വഹിക്കാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ എന്നായിരുന്നു യോഗി ആദിത്യനാഥിനോടുള്ള അസംഖാന്റെ ചോദ്യം. സൂര്യനമസ്‌കാരവും നമസ്‌കാരവും ഒരുപോലെയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന യോഗി ആദിത്യനാഥിനെ കയ്യാമംചെയ്യണമെന്നും അസം ഖാന്‍ പറഞ്ഞു. മുസ്ലിംകളുടെ പ്രാര്‍ഥനയെ സൂര്യനെ വന്ദിക്കുന്നതുമായി താരതമ്യം ചെയ്തതിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നും അസംഖാന്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് സൂര്യനമസ്‌കാരത്തിലെയും പ്രാണായാമത്തിലെയും ആസനങ്ങള്‍ മുസ്ലിം സഹോദരന്‍മാര്‍ അനുഷ്ഠിക്കുന്ന നമസ്‌കാരത്തിനു തുല്യമാണെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ‘യോഗയെക്കാള്‍ ഭോഗ’യില്‍ താല്‍പര്യമുള്ളവര്‍ രണ്ടും ഒരുമിച്ചുകൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം എല്ലാ അറവുശാലകളും നിര്‍ബന്ധപൂര്‍വം പൂട്ടുന്നതിനെതിരെയും അസംഖാന്‍ ആഞ്ഞടിച്ചു. ‘മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടാതിരിക്കാന്‍ മുസ്ലിംകള്‍ പച്ചക്കറികള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പുലി പുല്ലു തിന്നുകയില്ല. എന്നാല്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതായാല്‍ പിന്നെ അങ്ങനെ ചെയ്യേണ്ടിവരും’ അദ്ദേഹം പറഞ്ഞു.

Advertisement